കോലിയുടെ പെരുമാറ്റത്തെ കുറിച്ച് ബോളിവുഡ് താരം നസീറുദ്ദീന്‍ ഷാ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ കോലിയുടെ അക്രമണോത്സുക സമീപനം സ്വാഭാവികമാണ് എന്നാണ് കിര്‍മാനി പറയുന്നത്...
മുംബൈ: 'സ്ലെഡ്ജിംഗ്' ക്രിക്കറ്റില്‍ പുതുമയുള്ള കാര്യമല്ലെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സയ്യിദ് കിര്‍മാനി. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ കളിക്കളത്തിലെ പെരുമാറ്റത്തെ കുറിച്ച് ബോളിവുഡ് താരം നസീറുദ്ദീന്‍ ഷാ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് കിര്‍മാനിയുടെ പ്രതികരണം. കോലിയുടെ അക്രമണോത്സുക സമീപനം സ്വാഭാവികമാണ് എന്നാണ് കിര്‍മാനി പറയുന്നത്.
നസീറുദ്ദീന്‍ ഷാ എന്നല്ല, എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടാകും. ഒരു കാര്യത്തെ എല്ലാവരും നോക്കിക്കാണുന്നത് വ്യത്യസ്തമായ കാഴ്‌ച്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ കോലിയെ കുറിച്ച് നസീറുദ്ദീന്‍ ഷാ പറഞ്ഞ അഭിപ്രായത്തെ എതിര്‍ക്കാന്‍ താല്‍പര്യപ്പെടുന്നില്ല. എല്ലാവരുടെ രക്തത്തിലും അവരുടെ സ്വാഭാവിക പ്രതികരണങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് മാറില്ലെന്നും കിര്‍മാനി പറഞ്ഞു.
തങ്ങള്‍ കളിച്ചിരുന്ന കാലത്ത് ഐടിയുടെയോ മൂന്നാം അംപയറുടേയോ ആനുകൂല്യങ്ങളില്ലായിരുന്നു. ജന്‍റില്‍മാന്‍ സ്‌പിരിറ്റോടെയാണ് കളിച്ചത്. അതില്‍ അഭിമാനമുണ്ട്. എന്നാല്‍ അക്കാലത്തും 'സ്ലെഡ്ജിംഗ്' ഉണ്ടായിരുന്നു. അത് ഒരിക്കലും ഇല്ലാതാകില്ലെന്നും സയ്യിദ് കിര്‍മാനി പറഞ്ഞു.
