അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം കലണ്ടര്‍ വര്‍ഷത്തിലും റണ്‍വേട്ടയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ചാമ്പ്യന്‍‍. 2018 അവസാനിക്കുമ്പോള്‍ 2,653 റണ്‍സാണ് കോലിയുടെ സമ്പാദ്യം.

സിഡ്‌നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം കലണ്ടര്‍ വര്‍ഷത്തിലും റണ്‍വേട്ടയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ചാമ്പ്യന്‍‍. 2018 അവസാനിക്കുമ്പോള്‍ 2,653 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 69.81 ശരാശരിയിലാണ് കോലി ഇത്രയും റണ്‍സ് അടിച്ചുകൂട്ടിയത്. 160 ആണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ 13 മത്സരങ്ങളില്‍ 55 ശരാശരിയില്‍ 1,322 റണ്‍സ് കോലി അടിച്ചെടുത്തു.

വിരാട് കോലിക്ക് നേട്ടങ്ങളുടെ വര്‍ഷമാണ് 2018. ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ പതിനായിരം ക്ലബില്‍ ഇടം പിടിച്ചു. ഈ വര്‍ഷം 11 സെഞ്ചുറികളാണ് ഇന്ത്യന്‍ നായകന്‍ അടിച്ചുകൂട്ടിയത്. ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ വിജയിച്ചതോടെ 11 വിദേശ ജയങ്ങളുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡിനും ഒപ്പമെത്തി.

കോലി 2016ല്‍ 2,595 റണ്‍സും 2017ല്‍ 2,818 റണ്‍സും അടിച്ചുകൂട്ടി ഒന്നാമതെത്തിയിരുന്നു. ഇന്ത്യന്‍ നായകന്റെ കുതിപ്പിന് തടയിടാന്‍ എതിരാളികളില്ലാതെയാണ് 2018ന് വിരാമമാകുന്നത്.