ലോഡ്‌സില്‍ മഴ ശമിക്കാത്തതിനാല്‍ ടോസ് പോലും ഇടാനാകാതെ ആദ്യ ദിനത്തെ മത്സരം ഉപേക്ഷിച്ചു. എന്നാല്‍ അടുത്ത മൂന്ന് ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ട്.

ലണ്ടന്‍: ഇന്ത്യ- ഇംഗ്ലണ്ട് ലോ‌ഡ്സ് ടെസ്റ്റില്‍ ആദ്യ പന്തെറിയാന്‍ ഇനിയും കാത്തിരിക്കണം. കനത്ത മഴമൂലം ടോസ് പോലും ഇടാനാകാതെ ആദ്യ ദിനത്തെ മത്സരം അവസാനിച്ചു. ഉച്ചഭക്ഷണം നേരത്തെയാക്കി കാത്തിരുന്നെങ്കിലും ടീമുകളുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കാര്‍മേഘം മൂടുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലണ്ടനില്‍ പെയ്തിരുന്ന കനത്ത മഴ ഇന്നും തുടര്‍ന്നു. എന്നാല്‍ അടുത്ത മൂന്ന് ദിവസങ്ങളിലും മഴ പെയ്യില്ലെന്നാണ് കാലാവസ്‌ഥ റിപ്പോര്‍ട്ട്. 

പുല്ലുള്ള പിച്ചാണ് ലോര്‍ഡ്‌സില്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് സ്പിന്നര്‍മാരെ ഇരുടീമുകളും ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. പരമ്പരയില്‍ ഒപ്പമെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ ലോര്‍ഡ്‌സില്‍ സമീപകാലത്തെ മോശം റെക്കോഡ് തിരുത്താനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. നായകന്‍ കോലിയല്ലാതെ ചങ്കുറപ്പോടെ ബാറ്റ് വീശാന്‍ ആളുണ്ടാകുമോയെന്ന അന്വേഷണത്തിലാണ് രവി ശാസ്ത്രി. ധവാനെ തഴഞ്ഞ് പൂജാരയ്ക്ക് അവസരം നല്‍കണമെന്ന അഭിപ്രായം ഉയരുന്നുണ്ടെങ്കിലും ഓപ്പണിങ് സഖ്യത്തിന് ഒരവസരം കൂടി ലഭിച്ചേക്കും.

ബൗളിംഗില്‍ മാറ്റത്തിന് സാധ്യതയേറെ. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരിലൊരാള്‍ ടീമിലെത്തിയേക്കും. അങ്ങനെയെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യ, ഉമേഷ് യാദവ് എന്നിവരില്‍ ഒരാള്‍ പുറത്തിരിക്കും. ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് കോടതി കയറിയിറങ്ങുന്നതാണ് ഇംഗ്ലണ്ടിനെ വലയ്ക്കുന്നത്. സ്റ്റോക്‌സിന് പകരം ക്രിസ് വോക്‌സോ മോയിന്‍ അലിയോ എന്ന് വ്യക്തമല്ല. അരങ്ങേറ്റക്കാരന്‍ ഒലീ പോപ്പ് നാലാം നമ്പറില്‍ ബാറ്റിംഗിനെത്തും.