അവസാന അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ അലിസ്റ്റർ കുക്കിന് അർദ്ധ സെഞ്ചുറി. കുക്കിന്‍റെ പരമ്പരയില്‍ ആദ്യത്തേതും ടെസ്റ്റ് കരിയറിലെ 57-ാം അർദ്ധ ശതകവുമാണിത്. സ്കോറിംഗിന് വേഗം കുറഞ്ഞെങ്കിലും ഇംഗ്ലണ്ട് പിടിമുറുക്കുന്നു

ഓവല്‍: ഓവല്‍ ടെസ്റ്റില്‍ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ അലിസ്റ്റർ കുക്കിന് അർദ്ധ സെഞ്ചുറി. കുക്കിന്‍റെ പരമ്പരയില്‍ ആദ്യത്തേതും ടെസ്റ്റ് കരിയറിലെ 57-ാം അർദ്ധ ശതകവുമാണിത്. നാളുകള്‍ക്കൊടുവില്‍ തന്‍റെ ക്ലാസ് വ്യക്തമാക്കിയ കുക്ക് ക്ഷമയോടെയാണ് ബാറ്റ് വീശുന്നത്. 58 റണ്‍സുമായി കുക്കും, 23 റണ്‍സെടുത്ത് മൊയിന്‍ അലിയും ക്രീസില്‍ നില്‍ക്കേ ഒരു വിക്കറ്റിന് 115 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് കുക്കും ജെന്നിംഗ്സും ചേർന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ഇന്ത്യന്‍ പേസ് നിരക്കെതിരെ കരുതലോടെ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ തുടങ്ങിയത്. എന്നാല്‍ അശ്വിന് പകരം ടീമിലെത്തിയ രവീന്ദ്ര ജഡേജ 23 റണ്‍സെടുത്ത ജെന്നിംഗ്സിനെ രാഹുലിന്‍റെ കൈകളിലെത്തിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ ജെന്നിംഗ്സ്-കുക്ക് സഖ്യം 60 റണ്‍സടിച്ചു. എന്നാല്‍ കുക്ക്- അലി സഖ്യം ഇംഗ്ലണ്ടിനെ ഡ്രൈവിംഗ് സീറ്റില്‍ ഉറപ്പിക്കുകയാണ്. 

നാലാം ടെസ്റ്റ് തോറ്റ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. അശ്വിന് പകരം രവീന്ദ്ര ജഡേജ അന്തിമ ഇലവനില്‍ എത്തിയപ്പോള്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദീക് പാണ്ഡ്യക്ക് പകരം പുതുമുഖതാരം ഹനുമാ വിഹാരിയും ടീമിലെത്തി. ഇംഗ്ലണ്ട് ടീമില്‍ മാറ്റങ്ങളൊന്നുമില്ല.