ലോര്‍ഡ്‌സില്‍ ഇന്ത്യയ്ക്ക് വമ്പന്‍ തോല്‍വി. ഇന്നിംഗ്സിനും 159 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2-0ന് മുന്നിലെത്തി.  

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോല്‍വി. ലോര്‍ഡ്‌സില്‍ ഇന്നിംഗ്സിനും 159 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. 289 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയുടെ പ്രതിരോധം 130ല്‍ അവസാനിച്ചു. 33 റണ്‍സെടുത്ത അശ്വിനും 26 റണ്‍സെടുത്ത ഹര്‍ദികുമാണ് തോല്‍വിഭാരം കുറച്ചത്. ബ്രോഡും ആന്‍ഡേഴ്‌സണും നാല് വിക്കറ്റ് വീതം വീഴ്‌ത്തി. സ്‌കോര്‍ ഇന്ത്യ-107, 130. ഇംഗ്ലണ്ട് 396-7. ഇതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2-0ന് മുന്നിലെത്തി. 

നേരത്തെ ഇന്ത്യയുടെ 107 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് ഏഴിന് 396 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ആറ് വിക്കറ്റിന് 357 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഇംഗ്ലണ്ട് 40 റണ്‍സെടുത്ത കുറന്‍ പുറത്തായതോടെ 289 റണ്‍സ് ലീഡുമായി ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. 137 റണ്‍സെടുത്ത വോക്‌സ് പുറത്താവാതെ നിന്നു. ബെയര്‍‌സ്റ്റോ(93) അര്‍ദ്ധ സെഞ്ചുറി നേടി. ഇന്ത്യക്കായി മുഹമ്മദ് ഷമിയും പാണ്ഡ്യയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

എന്നാല്‍ മറുപടി ബാറ്റിംഗില്‍ അക്കൗണ്ട് തുറക്കും മുന്‍പ് മുരളി വിജയിയെ മടക്കി ആന്‍ഡേഴ്‌സണ്‍ ഇന്ത്യയ്ക്ക് ആദ്യ പ്രഹരം നല്‍കി. ഓപ്പണര്‍ രാഹുല്‍ 10 റണ്‍സുമായി ആന്‍ഡേഴ്‌സണ് തന്നെ കീഴടങ്ങി. രഹാനെ 13 റണ്‍സെടുത്തും പൂജാര 17 റണ്‍സെടുത്തും പുറത്തായതോടെ 50-4 എന്ന നിലയില്‍ ഇന്ത്യ പ്രതിരോധത്തിലായി. ബ്രോഡിനാണ് ഇരുവരുടെയും വിക്കറ്റ്. ചെറിയ ഇടവേളക്കൊടുവില്‍ അടുത്തടുത്ത പന്തുകളില്‍ കോലിയെയും(17), കാര്‍ത്തികിനെയും(0) മടക്കി ബ്രോഡ് വീണ്ടും വില്ലനായി.

അശ്വിനും പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചുകൊണ്ടുവന്നു. എന്നാല്‍ വ്യക്തിഗത സ്കോര്‍ 26ല്‍ നില്‍ക്കേ പാണ്ഡ്യയെ പുറത്താക്കി വോക്‌സ് കൂട്ടൂകെട്ട് പൊളിച്ചു. പിന്നീട് വന്ന ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. അക്കൗണ്ട് തുറക്കും മുന്‍പ് കുല്‍ദീപിനെയും ഷമിയെയും ആന്‍ഡേഴ്‌സണും, ഇശാന്തിനെ(2) വോക്‌സും പുറത്താക്കി. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായിരുന്ന അശ്വിന്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു.