ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയൊഴികെയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ അമ്പേ പരാജയമാണ്. എന്നാല്‍ ഇംഗ്ലണ്ടിനെ ചെറിയ സ്കോറുകളില്‍ തളച്ച് ബൗളിംഗ് നിര കരുത്തുകാട്ടി. ഇവരില്‍ നിന്ന് ഇന്ത്യയുടെ പരമ്പര വിജയത്തില്‍ നിര്‍ണായകമാകാന്‍ സാധ്യതയുള്ള ബൗളറെ പ്രവചിച്ചിരിക്കുകയാണ് മുന്‍ പേസര്‍ ആശിഷ് നെഹ്‌റ.

എഡ്‌ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ ഇശാന്ത് ശര്‍മ്മ ഇന്ത്യയുടെ പരമ്പര ജയത്തില്‍ നിര്‍ണായകമാകുമെന്ന് നെഹ്‌റ പറയുന്നു. ഇശാന്തിന്‍റെ അഞ്ച് വിക്കറ്റ് നേട്ടമാണ് രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 180ല്‍ ഒതുക്കിയത്. എന്നാല്‍ അവസാനംവരെ ആവേശംനിറഞ്ഞ മത്സരത്തില്‍ ഇന്ത്യ 31 റണ്‍സിന് പരാജയപ്പെട്ടു.

'എഡ്‌ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ 20 വിക്കറ്റുകളും വീഴ്‌ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. കൂടുതല്‍ ടെസ്റ്റ് പരിചയമുള്ള ഇശാന്ത് ശര്‍മ്മ മുന്നില്‍നിന്ന് നയിക്കുന്നത് കാണാന്‍ സന്തോഷമുണ്ട്. ഇശാന്താവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമാവുക'- നെഹ്റ പറഞ്ഞു.
ആദ്യ ടെസ്റ്റില്‍ കോലി സെഞ്ചുറി നേടിയെങ്കിലും മറ്റ് ബാറ്റ്സ്മാന്‍മാര്‍ കളിമറന്നപ്പോള്‍  പരമ്പരയില്‍ ഇന്ത്യ പിന്നിലായി.