ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കിതയ്ക്കുകയാണ് വിഖ്യാത ഇന്ത്യന്‍ ബാറ്റിംഗ് നിര. ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയുമായി നായകന്‍ വിരാട് കോലി തിളങ്ങിയപ്പോള്‍ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ 29 റണ്‍സെടുത്ത സ്‌പിന്നര്‍ അശ്വിനാണ് ടോപ്‌സ്‌കോറര്‍. ഇന്ത്യന്‍ ബാറ്റിംഗ് നിര പേരുദോഷം കേള്‍പിച്ചപ്പോള്‍ യുവതാരത്തെ ടീമിലെടുക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. 

റിഷഭ് പന്തില്‍ സെലക്‌ടര്‍മാരുടെ കണ്ണ് പതിയണമെന്ന് ഗവാസ്‌കര്‍ ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ താരം ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് ഗവാസ്‌കര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനവും ഇംഗ്ലണ്ടിനെതിരായ ഇന്ത്യ എയുടെ നാലുദിന മത്സരത്തിലെ മികവുമാണ് ഗവാസ്‌കറുടെ കണ്ണുകള്‍ പന്തിലെത്തിച്ചത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ധവാന് അവസരം നല്‍കാതിരുന്നതിനെയും ഗവാസ്‌കര്‍ വിമര്‍ശിച്ചു. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും മുരളി വിജയ്, കെ.എല്‍ രാഹുല്‍ എന്നിവരേക്കാള്‍ ഉയര്‍ന്ന സ്‌കോര്‍ ധവാന്‍ കണ്ടെത്തിയിരുന്നു. എന്നിട്ടും ധവാനെ ഒഴിവാക്കിയതിന്‍റെ മാനദണ്ഡം പിടികിട്ടുന്നില്ല. ധവാന്‍ ഒരു ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍ ആണെന്നും ഓര്‍ക്കണം- ഗവാസ്‌കര്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.