ടി20യില്‍ വിരാട് കോലിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. കഴിഞ്ഞ ദിവസം കോലിയുടെ മറ്റൊരു ടി20 റെക്കോര്‍ഡ് പാക്കിസ്ഥാന്‍ താരം ബാബര്‍ അസം മറികടന്നിരുന്നു...

ലക്‌നൗ: റണ്‍വേട്ട കൊണ്ട് റെക്കോര്‍ഡുകള്‍ വെട്ടിപ്പിടിക്കുകയാണ് കിംഗ് കോലി. എന്നാല്‍ ടി20യില്‍ കോലി സ്ഥാപിച്ച ഒരു റെക്കോര്‍ഡ് അടുത്തിടെ പാക്കിസ്ഥാന്‍ താരം ബാബര്‍ അസം മറികടന്നിരുന്നു. ടി20യില്‍ വേഗത്തില്‍ 1000 റണ്‍സ് തികച്ച താരമെന്ന റെക്കോര്‍ഡാണ് അസം തട്ടിയെടുത്തത്. ഇന്ന് ലക്‌നൗവില്‍ ഇന്ത്യ- വിന്‍ഡീസ് രണ്ടാം ടി20 നടക്കുമ്പോള്‍ കോലിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി വഴിമാറിപ്പോകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ താരമാണ് വിരാട് കോലി. എന്നാല്‍ വിന്‍ഡീസിനെതിരെ ഇന്ത്യയെ നയിക്കുന്ന രോഹിത് ശര്‍മ്മയ്ക്ക് കോലിയെ മറികടക്കാനുള്ള സുവര്‍ണാവസരമാണിന്ന്. 11 റണ്‍സ് കൂടി നേടിയാല്‍ രോഹിത് അനായാസം കോലിയെ പിന്തള്ളും. കോലി 62 മത്സരങ്ങളില്‍ നിന്ന് 48.88 ശരാശരിയില്‍ 2,102 റണ്‍സും രോഹിത് 85 മത്സരങ്ങളില്‍ 32.18 ശരാശരിയില്‍ 2,092 റണ്‍സുമാണ് നേടിയിട്ടുള്ളത്. 

വിന്‍ഡീസിനെതിരായ പരമ്പരയില്‍ കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മ്മയാണ് ടീം ഇന്ത്യയെ നയിക്കുന്നത്. ആദ്യ മത്സരം അഞ്ച് വിക്കറ്റിന് വിജയിച്ച ഇന്ത്യയ്ക്ക് ഇന്നും ജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം.