മെല്‍ബണ്‍: ഓസ്ട്രേലിയ എയ്ക്കെതിരായ ഏകദിന മത്സരത്തില്‍ ഇന്ത്യ എ ടീമിന് ദയനീയ തോല്‍വി. സഞ്ജു സാംസണും മനീഷ് പാണ്ഡെയുമെല്ലാം അടങ്ങുന്ന ടീം 15.4 ഓവറില്‍ കേവലം 55 റണ്‍സിന് പുറത്തായപ്പോള്‍ ഓസീസ് 17.1 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 15 റണ്‍സെടുത്ത അക്ഷര്‍ പട്ടേല്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളു. സ്കോര്‍ ഇന്ത്യ എ 15.4 ഓവറില്‍ 55ന് ഓള്‍ ഔട്ട്, ഓസ്ട്രേലിയ 17.1 ഓവറില്‍ 56/2.

 എ ടീമാണെങ്കിലും ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിച്ചവരാണ് ടീമിലെ ഭൂരിഭാഗം കളിക്കാരും. സിംബാബ്‌വെ പര്യടനത്തില്‍ സീനിയര്‍ ടീമില്‍ കളിച്ച ഫായിദ് ഫസല്‍(3) കരുണ്‍ നായര്‍(7) എന്നിവര്‍ തുടക്കത്തിലേ പുറത്തായപ്പോള്‍ മന്‍ദീപ് സിംഗിനും മനീഷ് പാണ്ഡെയ്ക്കും അക്കൗണ്ട് തുറക്കാനായില്ല. കേദാര്‍ ജാദവും സഞ്ജു സാംസണും നാലു റണ്‍സ് വീതമെടുത്തപ്പോള്‍ ഹര്‍ദ്ദീക് പാണ്ഡ്യ ഒരു റണ്ണെടുത്ത് പുറത്തായി. ഓസീസിനായി അഞ്ചു വിക്കറ്റെടുത്ത ട്രെമെയ്നും നാലു വിക്കറ്റു വീഴ്‌ത്തിയ വോറലുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.

താരതമ്യേന ജൂനിയര്‍ താരങ്ങളടങ്ങിയ ഓസീസ് ടീം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 23 റണ്‍സെടുത്ത പാറ്റേഴ്സണും 19 റണ്‍സെടുത്ത സ്റ്റോയ്നസും ജയം എളുപ്പമാക്കി. ക്രിസ് ലിന്നും ഗ്ലെന്‍ മാക്സ്‌വെല്ലും സ്റ്റോയ്നസുമായിരുന്നു ഓസീസ് ടീമില്‍ സീനിയര്‍ ടീമില്‍ കളിച്ചവരായി ഉണ്ടായിരുന്നത്.