കാകമിഗഹാര: ഏഷ്യാകപ്പ് ഹോക്കി ചാംപ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾ ജേതാക്കൾ. ജപ്പാനിലെ കാകമിഗഹാരയിൽ നടന്ന ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ കിരീടത്തിൽ മുത്തമിട്ടത്. ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യൻ വിജയം. സ്കോർ: 5-4. 13 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾ കിരീടം നേടുന്നത്. കിരീടനേട്ടത്തോടെ ഇന്ത്യ അടുത്ത വർഷം നടക്കുന്ന ഹോക്കി ലോകകപ്പിൽ സ്ഥാനമുറപ്പിച്ചു.
നിശ്ചിത മത്സര സമയത്ത് ഇരുടീമുകളും ഓരോഗോൾ വീതം നേടി സമനില പാലിച്ചു. ഇന്ത്യക്കായി നവ്ജോത് കൗറും ചൈനയ്ക്കായി ട്യാൻടിയാൻ ലുവോയും ഗോളുകൾ നേടി. തുടർന്ന് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോവുകയായിരുന്നു. ആദ്യ അഞ്ച് ഷോട്ടുകളിൽ നാലെണ്ണം ലക്ഷ്യത്തിലെത്തിക്കാൻ ഇന്ത്യക്കും ചൈനയ്ക്കും കഴിഞ്ഞു. ഇതോടെ കളി സഡൻഡെത്തിലേക്കു നീണ്ടു.
സഡൻ ഡെത്തിൽ ഇന്ത്യക്ക് വേണ്ടി റാണി ലക്ഷ്യംകണ്ടു. ചൈനയുടെ ശ്രമം പാഴായതോടെ ഇന്ത്യ 5-4ന് എന്ന നിലയിൽ കിരീടവും ഉറപ്പിച്ചു. ടൂർണമെന്റിൽ തോൽവി അറിയാതെയാണ് ഇന്ത്യൻ വനിതകൾ കിരീടത്തിൽ മുത്തമിടുന്നത്. എട്ടു ഗോളുകൾ നേടിയ ഗുർജിത് കൗറാണു ടൂർണമെന്റ് ടോപ് സ്കോറർ.
