അഹമ്മദാബാദ്: കബഡി ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തി. ഫൈനലിൽ ഇറാന്റെ ശക്തമായ വെല്ലുവിളി(38-29) മറികടന്നാണ് ഇന്ത്യ കിരീടമണിഞ്ഞത്. ആദ്യ പകുതിയിൽ 13-18ന് പിന്നിലായിരുന്ന ഇന്ത്യ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ചാണ് കിരീടത്തില്‍ മുത്തമിട്ടത്. കബഡിയിൽ ഇന്ത്യയുടെ തുടർച്ചയായ എട്ടാം ലോക കിരീടമാണിത്.

12 പോയന്റുകള്‍ നേടിയ അജയ് താക്കൂര്‍ ആണ് ഇന്ത്യയുടെ വിജയശില്‍പി. രണ്ടാം പകുതിയില്‍ താക്കൂറിന്റെ മിന്നുന്ന പ്രകടനമാണ് കിരീടത്തിലേക്ക് ഇന്ത്യയെ അടുപ്പിച്ചത്. നിതിന്‍ തോമറിന്റെ പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. രണ്ടാം പകുതിയില്‍ ഇന്ത്യന്‍ പ്രതിരോധം ഉറച്ചു നിന്നു. കാണികളുടെ അകമഴിഞ്ഞ പിന്തുണയും ഇന്ത്യയ്ക്ക് കരുത്തായി. തായ്‌ലന്‍ഡിനെതിരായ സെമിയിലും അജയ് താക്കൂറിന്റെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

ആദ്യ മത്സരത്തില്‍ ദക്ഷിണകൊറിയയോടു അപ്രതീക്ഷിത തോല്‍വി വഴങ്ങേണ്ടിവന്നെങ്കിലും പിന്നീട് പരാജയമറിയാതെയാണ് ഇന്ത്യ കബഡിയിലെ ആധിപത്യം അരക്കിട്ടുറപ്പിച്ചത്.