കുലാലംപുര്‍: സുല്‍ത്താന്‍ അസ്ലാന്‍ ഷാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ജയം. ആദ്യ മല്‍സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യയ്‌ക്കുവേണ്ടി ഹര്‍ജിത് സിങ് ഇരട്ടഗോള്‍ നേടിയപ്പോള്‍ മാന്‍ദീപ് സിങ് ഒരു ഗോള്‍ നേടി. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യത്തെ ജയമാണിത്. ആദ്യ മല്‍സരത്തില്‍ ഇന്ത്യ 2-2 എന്ന സ്‌കോറിന് ബ്രിട്ടനോട് സമനില വഴങ്ങിയിരുന്നു. 2015ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ, ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കുന്നത്. ഇരുപത്തിമൂന്നാം മിനിട്ടില്‍ മാന്‍ദീപ് സിങിലൂടെയായിരുന്നു ഇന്ത്യ ഗോള്‍വേട്ട തുടങ്ങിയത്. തുടര്‍ന്ന് രണ്ടു ഗോളുകള്‍ കൂടി നേടി ഹര്‍ജിത് സിങ് ഇന്ത്യയ്ക്ക് ഗംഭീരജയം സമ്മാനിക്കുകയായിരുന്നു. തകര്‍പ്പന്‍ സേവുകളുമായി കളംനിറ‍ഞ്ഞ ഇന്ത്യന്‍ നായകനും മലയാളി താരം ശ്രീജേഷും കാണികളുടെ കൈയടി നേടി. ഓസ്‌ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് ഇന്ത്യ-ഓസ്‌ട്രേലിയ മല്‍സരം.