ജമൈക്ക: വിമര്‍ശകരുടെ വായടിപ്പിച്ച് ക്യാപ്റ്റന്‍ വിരാട് കോലി നേടിയ സെഞ്ചുറിയുടെ കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം 79 പന്തും എട്ടു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ അനായാസം മറികടന്നു. 111 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ കോലിയും അര്‍ധസെഞ്ചുറി നേടിയ നിദേശ് കാര്‍ത്തിക്കുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ജയത്തോടെ അഞ്ച് മത്സര പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. വിരാട് കോലി കളിയിലെ കേമനായപ്പോള്‍ അജിങ്ക്യാ രഹാനെ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ 205/9, Fvdld/ 36.5 ഓവറില്‍ 206/2.
നാലാം മത്സരത്തിലെ ബാറ്റിംഗ് തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിജയത്തിലേക്ക് കരുതലോടെയാണ് ഇന്ത്യ ബാറ്റ് വീശിയത്. ആദ്യ ഓവറില്‍ തന്നെ ശീഖര്‍ ധവാനെ(4) ഇന്ത്യക്ക് നഷ്ടമായി. എന്നാല്‍ പരമ്പരയില്‍ ഉജ്ജ്വല ഫോമിലുള്ള അജിങ്ക്യാ രഹാനെയ്ക്ക് കൂട്ടായി ക്യാപ്റ്റന്‍ കോലി എത്തിയതോടെ കളി ഇന്ത്യയുടെ വരുതിയിലായി. ടീം സ്കോര്‍ 84ല്‍ നില്‍ക്കെ രഹാനെ(39) മടങ്ങിയെങ്കിലും ദിനേശ് കാര്‍ത്തിക്കുമൊത്ത്(52 പന്തില്‍ 50) പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 120 റണ്‍സടിച്ച് കോലി ഇന്ത്യന്‍ ജയം അനായാസമാക്കി. കോലിയുടെ 28-ാം ഏകദിന സെഞ്ചുറിയാണിത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് അര്‍ധസെഞ്ചുറി നേടിയ ഷായ് ഹോപ്പ്(51), കെയ്ല്‍ ഹോപ്പ്(46), ജേസണ്‍ ഹോള്‍ഡര്‍(36) റൊമാന്‍ പവല്‍(31) എന്നിവരുടെ ഇന്നിംഗ്സുകളുടെ മികവിലാണ് ഭേദപ്പെട്ട സ്കോര്‍ ഉറപ്പാക്കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഹോപ്പും ലൂയിസും ചേര്‍ന്ന് 39 റണ്‍സടിച്ചു. ലൂയിസിനെ മടക്കി ഹര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. കെയ്ല്‍ ഹോപ്പിനെയും റോസ്റ്റന്‍ ചേസിനെയും(0) അടുത്തടുത്ത് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും പവലും പൊരുതി നിന്നു.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച പവലാണ് വിന്‍ഡസിനെ 200 കടത്തിയത്. ഇന്ത്യക്കായി ഷാമി മുഹമ്മദ് 48 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ ഉമേഷ് യാദവ് 53 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. പാണ്ഡ്യയും ജാദവും ഓരോ വിക്കറ്റ് വീഴ്‌ത്തി.
