ചെന്നൈ: പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ ഹര്‍ദ്ദിക് പാണ്ഡ്യയുടെ മികവില്‍ ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം. 26 റണ്‍സിനാണ് ഇന്ത്യ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. ഡക്ക്‌വര്‍ത്ത്-ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം. മഴ തടസപ്പെടുത്തിയ മല്‍സരത്തില്‍ പുനഃനിശ്ചയിക്കപ്പെട്ട 21 ഓവറില്‍ 164 റണ്‍സ് എന്ന വിജയലക്ഷ്യം തേടി ബാറ്റുചെയ്‌ത ഓസ്‌ട്രേലിയയുടെ പോരാട്ടം 21 ഓവറില്‍ ഒമ്പതിന് 137 റണ്‍സെന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 39 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്‍ ആയിരുന്നു ഓസീസിന്റെ ടോപ്‌ സ്‌കോറര്‍. ഇന്ത്യയ്‌ക്ക് വേണ്ടി യുസ്‌വേന്ദ്ര ചഹല്‍ മൂന്നു വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഹര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ ഹര്‍ദ്ദിക് പാണ്ഡ്യയാണ് കളിയിലെ കേമന്‍.

സ്‌കോര്‍- ഇന്ത്യ 50 ഓവറില്‍ ഏഴിന് 281 & ഓസ്‌ട്രേലിയ 21 ഓവറില്‍ ഒമ്പതിന് 137

നേരത്തെ ടോസ് നേടി ബാറ്റുചെയ്‌ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴിന് 281 റണ്‍സാണ് നേടിയത്. 83 റണ്‍സെടുത്ത ഹര്‍ദ്ദിക് പാണ്ഡ്യയും 79 റണ്‍സെടുത്ത എം എസ് ധോണിയുമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. ഒരു ഘട്ടത്തില്‍ അഞ്ചിന് 87 എന്ന നിലയിലേക്ക് തകരുകയായിരുന്നു ഇന്ത്യ. ഈ ഘട്ടത്തിലാണ് ധോണിയും പാണ്ഡ്യയും ഒത്തുചേര്‍ന്നത്. ഇരുവരും ചേര്‍ന്ന ആറാം വിക്കറ്റില്‍ 118 റണ്‍സെടുക്കുകയായിരുന്നു. നായകന്‍ വിരാട് കോലി(പൂജ്യം), മനിഷ് പാണ്ഡെ(പൂജ്യം), ആജിന്‍ക്യ രഹാനെ(അഞ്ച്) എന്നിവര്‍ നിരാശപ്പെടുത്തി. രോഹിത് ശര്‍മ്മ 28 റണ്‍സും കേദാര്‍ ജാദവ് 40 റണ്‍സും ഭുവനേശ്വര്‍കുമാര്‍ പുറത്താകാതെ 32 റണ്‍സും നേടി. ഓസ്‌ട്രേലിയയ്‌ക്കുവേണ്ടി കോട്ടര്‍നെല്‍ മൂന്നും സ്‌റ്റോയിനിസ് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

പരമ്പരയിലെ രണ്ടാം മല്‍സരം സെപ്റ്റംബര്‍ 21ന് കൊല്‍ക്കത്തയില്‍ നടക്കും.