നെറ്റ്സിൽ പന്തെറിയാൻ ഇന്ത്യൻ ടീമിന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അധികൃതര്‍ ബൗളര്‍മാരെ വിട്ടുനൽകിയില്ല. ഇതേത്തുടര്‍ന്ന് ഇന്ത്യയിൽനിന്ന് രണ്ടു പേസ് ബൗളര്‍മാരോട് ദക്ഷിണാഫ്രിക്കയിലേക്ക് പോകാൻ ബിസിസിഐ നിര്‍ദ്ദേശം നൽകി. ഡൽഹി താരം നവ്ദീപ് സെയ്നി, മുംബൈ പേസര്‍ ഷര്‍ദുൽ താക്കൂര്‍ എന്നിവരാണ് നാളെ ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരയ്‌ക്കുള്ള ടീമിൽ താക്കൂറുണ്ട്. ജനുവരി 24ന് ജൊഹാനസ്ബര്‍ഗിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്. അതിന് മുന്നോടിയായി നെറ്റ്‌സിൽ പരിശീലനം നടത്താൻ രണ്ടു പേസ് ബൗളര്‍മാരെ ഇന്ത്യൻ ടീം മാനേജ്മെന്റ് സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനോട് അനുഭാവപൂര്‍വ്വം പ്രതികരിക്കാൻ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക തയ്യാറായില്ല. നിലവാരമില്ലാത്ത, ക്ലബ് തലത്തിലുള്ള ബൗളര്‍മാരെ നൽകാമെന്ന് ദക്ഷിണാഫ്രിക്ക അറിയിച്ചെങ്കിലും ഇന്ത്യ ഇതു നിരസിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് നാട്ടിൽനിന്ന് രണ്ടു പേസര്‍മാരെ ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് അടിയന്തിരമായി വിളിപ്പിച്ചത്.

നേരത്തെ മലയാളി താരം ബേസിൽ തമ്പി ഉള്‍പ്പടെ മൂന്നുപേരെ നെറ്റ് ബൗളര്‍മാരായി ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ ഇവരെ ഐപിഎൽ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്താതിരുന്നതോടെ, സയിദ് മുഷ്‌താഖ് അലി ടി20യിൽ കളിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. പ്രാദേശിക ടൂര്‍ണമെന്റിൽ നന്നായി കളിച്ച് ഈ മാസം ഒടുവിൽ നടക്കുന്ന ഐപിഎൽ താരലേലത്തിൽ ശ്രദ്ധ നേടാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് കേപ്ടൗണ്‍ ടെസ്റ്റ് മൽസരം തുടങ്ങിയശേഷം ബേസിൽ, മൊഹമ്മദ് സിറാജ്, അൻകിത് രാജ്‌പുത് എന്നിവരെ ഇന്ത്യയിലേക്ക് മടക്കിയയച്ചു.