ലണ്‌ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഫൈനലില്‍. ബുധനാഴ്‌ച നടന്ന മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയോട് 4-2ന് തോറ്റെങ്കിലും ബെല്‍ജിയം-ബ്രിട്ടന്‍ മത്സരം സമനിലയില്‍ (3-3) പിരിഞ്ഞതോടെയാണ് ഏഴുപോയിന്റുമായി ഇന്ത്യ ഫൈനലില്‍ കടന്നത്. ഓസ്‌ട്രേലിയ തന്നെയാണ് ഫൈനലിലും ഇന്ത്യയുടെ എതിരാളി.
ബുധനാഴ്‌ച അവസാന ലീഗ് മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയ രണ്‌ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യക്കു വേണ്‌ടി രഘുനാഥും മന്ദീപും ഗോള്‍ നേടി. ആദ്യ മൂന്നു ക്വാര്‍ട്ടറിലും മേധാവിത്വം പുലര്‍ത്തിയത് ഓസ്‌ട്രേലിയയായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കു വേണ്‌ടി മിറ്റന്‍, അലന്‍ സലേവ്‌സ്‌കി, ഫ്‌ളിന്‍ ഒഗിള്‍വി, ട്രിസ്‌റ്റണ്‍ വൈറ്റ് എന്നിവരാണ് ഗോള്‍ നേടിയത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ 1982 ലെ വെങ്കല മെഡല്‍ നേട്ടമാണ് ഇന്ത്യയുടെ ഇതിനുമുമ്പുള്ള ഏറ്റവും മികച്ച പ്രകടനം. മലയാളി താരം ശ്രീജേഷിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമിന് ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടിയാല്‍ അത് ഒളിമ്പിക്സിനുള്ള നല്ല മുന്നൊരുക്കമാവും.
