ലോക ഫുട്ബോളില്‍ ഉഗ്രപ്രതാപികളായി വിലസുന്ന രണ്ടു ടീമുകളെ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ രണ്ടു യുവ സംഘങ്ങള്‍ ചരിത്ര പുസ്തകത്താളിലേക്കാണ് കളിച്ചു കയറിയത്
മാഡ്രിഡ്: ഉറങ്ങുന്ന ഭീമനെന്ന് പല വട്ടം പലരും വിശേഷിപ്പിച്ചിട്ടും തളര്‍ന്ന് കിടന്ന ഇന്ത്യന്‍ ഫുട്ബോളിന് ഇത് സുവര്‍ണ ദിനം. ലോക ഫുട്ബോളില്‍ ഉഗ്രപ്രതാപികളായി വിലസുന്ന രണ്ടു ടീമുകളെ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ രണ്ടു യുവ സംഘങ്ങള്‍ ചരിത്ര പുസ്തകത്താളിലേക്കാണ് കളിച്ചു കയറിയത്. ഇന്ത്യയുടെ അട്ടിമറി വീര്യത്തിന് മുന്നില്‍ അര്‍ജന്‍റീനയും ഇറാഖുമാണ് പത്തിമടക്കിയത്. അര്‍ജന്‍റീനയ്ക്കെതിരെ അണ്ടര്‍ 20 കോട്ടിഫ് കപ്പില്‍ ഇന്ത്യന്‍ ടീം വിജയം നുകര്‍ന്നപ്പോള്‍ അണ്ടര്‍ 16 ടൂര്‍ണമെന്‍റില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാഖാണ് ഇന്ത്യന്‍ കരുത്തിന് മുന്നില്‍ വീണത്.
സ്പെയിനില്‍ മുക്കിയത് ഇതിഹാസങ്ങള്‍ പിറന്ന അര്‍ജന്‍റീനയെ
സ്‌പെയ്‌നില്‍ നടക്കുന്ന അണ്ടര്‍ 20 കോട്ടിഫ് കപ്പില്‍ ഇന്ത്യ തുരത്തിയത് അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിനെ. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. പത്ത് പേരായി ചുരുങ്ങിയിട്ടും പോരാട്ട വീര്യം കെടാതെ കാത്ത ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. ദീപക് തഗ്രി, അന്‍വര്‍ അലി എന്നിവര്‍ ഇന്ത്യക്കായി ഗോളുകള്‍ നേടി.
മറഡോണയും മെസിയും പിറന്ന രാജ്യത്തിനെതിരെയുള്ള വിജയം പാടിപ്പുകഴ്ത്തലുകള്‍ ഏറെ അര്‍ഹിക്കുന്നുണ്ട്. ടൂര്‍ണമെന്‍റിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൗറീറ്റാനിയ, റീജിയന്‍ ഓഫ് ഡി മര്‍സിയ എന്നിവര്‍ക്കെതിരായിരുന്നു ഇന്ത്യയുടെ പരാജയം.
എന്നാല്‍, മൂന്നാം മത്സരത്തില്‍ കഴിഞ്ഞ അണ്ടര്‍ 20 റണ്ണേഴ്‌സ് അപ്പായ വെനസ്വേലയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. പിന്നാലെയാണ് അര്‍ജന്‍റീനയ്‌ക്കെതിരായ വിജയം. മുകളില്‍ പറഞ്ഞ മൂന്ന് ടീമുകളേയും തോല്‍പ്പിച്ച ടീമാണ് അര്‍ജന്റീന. അവരെയാണ് ഇന്ത്യന്‍ കുട്ടികള്‍ തോല്‍പ്പിച്ചത്.
മത്സരത്തിന്‍റെ നാലാം മിനിറ്റില്‍ തന്നെ ഇന്ത്യ ഗോള്‍ നേടി. അര്‍ജന്റൈന്‍ ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. കോര്‍ണര്‍ കിക്ക് ദീപ്ക തഗ്രി പോസ്റ്റിലേക്ക് ഹെഡ് ചെയ്തിട്ടു. ഗോള്‍ കീപ്പര്‍ക്ക് അനായാസം പിടിക്കാവുന്ന പന്ത് കൈകള്‍ക്കിടയിലൂടെ ചോര്‍ന്നിറങ്ങി ഗോള്‍വര കടന്നു. ഗോള്‍ നേടിയ ശേഷം ഇന്ത്യന്‍ താരങ്ങള്‍ ആത്മവിശ്വാസത്തോടെ പന്തുതട്ടി. കൃത്യമായ ഇടപെടലുകള്‍ നടത്തി.
പ്രതിരോധവും മധ്യനിരയും ഒന്നിനൊന്ന് മെച്ചം. രണ്ടാം പകുതിയിലും ഇന്ത്യ ക്ഷീണിച്ചില്ല. എന്നാല്‍, 54ാം മിനിറ്റില്‍ പ്ത്ത് പേരായി ചുരുങ്ങിയത് ആശങ്കപ്പെടുത്തി. അനികേത് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തേക്ക്. എങ്കിലും ഇന്ത്യ പിടിക്കൊടുത്തില്ല. അധികം വൈകാതെ ഇന്ത്യയുടെ രണ്ടാം ഗോളും വന്നു. അന്‍വര്‍ അലിയുടെ മനോഹരമായി ഫ്രീകിക്ക് ഗോള്‍. ബോക്‌സിന് പുറത്ത് നിന്ന് അന്‍വര്‍ എടുത്ത വലങ്കാലന്‍ കിക്ക് പോസ്റ്റിലിടിച്ച് ഗോള്‍ വരം കടന്നു.
അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ ഒരു മുഴുനീളെ ഡൈവിങ് നടത്തിയെങ്കിലും തടയാനായില്ല. 72ാം മിനിറ്റില്‍ അര്‍ജന്റീന ആശ്വാസ ഗോള്‍ കണ്ടെത്തി. എന്നാല്‍ കൂടുതല്‍ പരിക്കുകളില്ലാതെ ഇന്ത്യക്ക് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. അടുത്തിടെ അര്‍ജന്റീനയുടെ ദേശീയ സീനിയര്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ലിയോണല്‍ സ്‌കലോനിയാണ് അവരുടെ യൂത്ത് ടീമിന്റെ പരിശീലകന്‍. സഹായിയായി മുന്‍ അര്‍ജന്റൈന്‍ താരം പാബ്ലോ ഐമറും. അത്തരമൊരു ടീമിനെയാണ് ഇന്ത്യ മറികടന്നത്.
ജോര്‍ദാനില്‍ അടിച്ചിട്ടത് ഇറാഖിനെ
ചേട്ടന്മാര്‍ സ്പെയിനില്‍ കസറിയപ്പോള്‍ അനിയന്മാര്‍ ഏഷ്യന്‍ അണ്ടര്‍ 16 ചാമ്പ്യന്മാരെ അടിച്ചിട്ടാണ് വിജയം ആഘോഷിച്ചത്. ജോര്‍ദാനില്‍ നടക്കുന്ന അണ്ടര്‍ 16 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ കുട്ടികള്‍ കരുത്തരായ ഇറാഖിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. 89ാം മിനിറ്റില്‍ ഭുവനേശ് നേടിയ ഗോളിലാണ് ഇന്ത്യ ഇറാഖിനെ അട്ടിമറിച്ചത്.
ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ചു നിന്നിരുന്ന ഇന്ത്യ പക്ഷെ ഇറാഖിനെ പരാജയപ്പെടുത്തുമെന്ന് ആരും പ്രവചിച്ചിരുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ ജപ്പാനെ വിറപ്പിച്ച ശേഷം ആയിരുന്നു ഇന്ത്യ കീഴടങ്ങിയത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം ആയിരുന്നു അന്ന് 2-1ന്റെ തോല്‍വി ഏറ്റുവാങ്ങിയത്. എന്നാല്‍ ഇന്ന് ജപ്പാനെതിരെ നടത്തിയതിനേക്കാള്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യ നടത്തിയത്. ആദ്യ പകുതി മുതല്‍ക്കെ ഇന്ത്യക്കായിരുന്നു കളിയില്‍ ആധിപത്യം.
