ധാക്ക: ഏഷ്യാകപ്പ് ഹോക്കിയില്‍ ബംഗ്ലാദേശിനെ ഇന്ത്യ തകര്‍ത്തു. മറുപടിയില്ലാത്ത ഏഴു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ പൂള്‍ എയില്‍ ആറു പോയിന്റുമായി ഇന്ത്യ ഒന്നാമതെത്തി. ആദ്യ രണ്ടു ക്വാര്‍ട്ടറില്‍നിന്നായി അഞ്ചു ഗോള്‍ ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഗുര്‍ജന്ത് സിങ്(ഏഴാം മിനിട്ട്), ആകാശ്‌ദീപ് സിങ്(10), ലളിത് ഉപാധ്യായ്(13), അമിത് റോഹിഡ്സ്(20), ഹര്‍മാന്‍പ്രീത് സിങ്(28, 47) രമണ്‍ദീപ് സിങ്(46) എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ലോക റാങ്കിങിലെ ആറാം സ്ഥാനക്കാരായ ഇന്ത്യയ്ക്കെതിരെ മല്‍സരത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും വെല്ലുവിളി ഉയര്‍ത്താന്‍ ബംഗ്ലാദേശിന് സാധിച്ചില്ല. ആദ്യ കളിയില്‍ ഇന്ത്യ 5-1ന് ജപ്പാനെ തകര്‍ത്തിരുന്നു. ഞായറാഴ്‌ച നടക്കുന്ന അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. പൂള്‍ എയില്‍ ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ കരുത്തരായ പാകിസ്ഥാനെ 2-2ന് ജപ്പാന്‍ സമനിലയില്‍ തളച്ചിരുന്നു.