Asianet News MalayalamAsianet News Malayalam

ചരിത്രമെഴുതി കരുണ്‍ നായര്‍; ഇന്ത്യയ്ക്ക് റെക്കോര്‍ഡ് സ്കോര്‍

India declare after Nair completes triple
Author
Chennai, First Published Dec 19, 2016, 5:50 AM IST

ചെന്നൈ: ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ പുതിയ ചരിത്രമെഴുതി കരുണ്‍ നായരും ഇന്ത്യയും. തന്റെ മൂന്നാം ടെസ്റ്റ് കളിക്കുന്ന കരുണ്‍ തന്റെ കന്നി സെഞ്ചുറി തന്നെ ട്രിപ്പിള്‍ ആക്കി മാറ്റിയപ്പോള്‍ ടെസ്റ്റില്‍ ഇന്ത്യ തങ്ങളുടെ ഉയര്‍ന്ന ടീം സ്കോറും കുറിച്ചു. കരുണിന്റെ ട്രിപ്പിളിന്റെ മികവില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 759 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 381 പന്തില്‍ 303 റണ്‍സുമായി കരുണ്‍ നായര്‍ പുറത്താകാതെ നിന്നു. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യ സെഞ്ചുറി തന്നെ ട്രിപ്പിള്‍ ആക്കി മാറ്റുന്ന മൂന്നാമത്തെ ബാറ്റ്സ്മാനും ആദ്യ ഇന്ത്യക്കാരനുമാണ് കരുണ്‍ നായര്‍. വീരേന്ദര്‍ സെവാഗിനുശഷം ടെസ്റ്റില്‍ ട്രിപ്പിള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയായി കരുണ്‍. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റഅ നഷ്ടമില്ലാതെ 12 റണ്‍സെടുത്തിട്ടുണ്ട്. 9 റണ്‍സുമായി ജെന്നിംഗ്സും മൂന്ന് റണ്‍സുമായി കുക്കും ക്രീസില്‍.

സെവാഗ് ഓപ്പണറായാണ് രണ്ടുതവണ ട്രിപ്പിള്‍ അടിച്ചതെങ്കില്‍ ബാറ്റിംഗ് ഓര്‍ഡ‍റില്‍ അഞ്ചാമനായി ഇറങ്ങിയാണ് കരുണ്‍ ട്രിപ്പിള്‍ തികയ്ക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 381 പന്തില്‍ 32 ബൗണ്ടറിയും നാല് സിക്സറും പറത്തിയ കരുണ്‍ 79.52 സ്ട്രൈക്ക് റേറ്റിലാണ് ട്രിപ്പിള്‍ തികച്ചത്.

391/4 എന്ന സ്കോറില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യസെഷനില്‍ കരുതലോടെയാണ് കളിച്ചത്. എന്നാല്‍ ലഞ്ചിനുശേഷം ഇംഗ്ലീഷ് സ്കോര്‍ മറികടന്ന ഇന്ത്യ പിന്നീട് അടിച്ചുതകര്‍ത്തു. നാലാം ദിനം മാത്രം 355 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. 29 റണ്‍സെടുത്ത വിജയ് പുറത്തായശേഷം അശ്വിനെയും(67) രവീന്ദ്ര ജഡേജയെയും(51) കൂട്ടുപിടിച്ചാണ് കരുണ്‍ നായര്‍ ട്രിപ്പിള്‍ തികച്ചത്. ഒരു റണ്ണുമായി ഉമേഷ് യാദവ് പുറത്താകാതെ നിന്നു.

ഇപ്പോഴും ബൗളര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും നല്‍കാത്ത പിച്ചില്‍ ഇംഗ്ലണ്ടിന് എത്തിപ്പിടിക്കാനാവാത്ത ലീഡ് ഉറപ്പിക്കാനായിരുന്നു ഇന്ത്യ ശ്രമിച്ചത്. 282 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുള്ള ഇന്ത്യക്ക് അഞ്ചാം ദിനം ജയം ലക്ഷ്യമാക്കി പന്തെറിയാനാവും.

Follow Us:
Download App:
  • android
  • ios