ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര 3-0ന് തൂത്തുവാരിയതോടെ ഇന്ത്യയുടെ റാങ്കിങ് ഉയരുമെന്ന് ഉറപ്പായി. ഐസിസി ടി20 റാങ്കിംഗിൽ നിലവിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യ പുതിയ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ എത്തും. ശ്രീലങ്കയ്ക്കെതിരായ മൂന്നാം മൽസരത്തിന് മുമ്പ് 119 റേറ്റിങ് പോയിന്റുമായി ഇന്ത്യ നാലാമതായിരുന്നു. എന്നാൽ ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരിയതോടെ ഇന്ത്യയ്‌ക്ക് ഒരു റേറ്റിങ് പോയിന്റ് കൂടി ലഭിച്ചു. ഇതോടെയാണ് ഇന്ത്യ 120 റേറ്റിങ് പോയിന്റുമായി മുകളിലേക്ക് എത്തുന്നത്. റാങ്കിംഗിൽ രണ്ടാമതുള്ള ന്യൂസിലാന്‍ഡിനും നാലാമതുള്ള വെസ്റ്റിന്‍ഡീസിനും 120 റേറ്റിങ് പോയിന്റാണുള്ളത്. എന്നാൽ കളിച്ച മൽസരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യ മൂന്നാമതാണോ രണ്ടാമതാണോയെന്ന് നിശ്ചയിക്കുക. ഇക്കാര്യത്തിൽ ഈ മൂന്നു ടീമുകളും തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്. 124 റേറ്റിങ് പോയിന്റുമായി പാകിസ്ഥാനാണ് ഐസിസി ടി20 റാങ്കിംഗിൽ ഒന്നാമതുള്ളത്.