പൂനെ: ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ പരാജയ ഭീഷണിയില്‍. ഓസ്ട്രേലിയ ഉയര്‍ത്തിയ 441 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ മൂന്നിന് 50 എന്ന നിലയില്‍ പതറുകയാണ്. മുരളി വിജയ്(രണ്ട്), കെ എല്‍ രാഹുല്‍(10), വിരാട് കൊഹ്‌ലി(13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. 14 റണ്‍സോടെ ചേതേശ്വര്‍ പൂജാരയും ഒരു റണ്‍സോടെ ആജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. ഇനി ഏഴു വിക്കറ്റ് മാത്രം ശേഷിക്കെ 391 റണ്‍സകലെയാണ് ഇന്ത്യയുടെ ലക്ഷ്യം. ബാറ്റിങ് ദുഷ്‌ക്കരമായ പിച്ചില്‍ ഈ ലക്ഷ്യം ശരിക്കുമൊരു ബാലികേറാമലയാണ്. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയെ തകര്‍ത്ത ഓസീസ് ഇടംകൈയന്‍ സ്‌പിന്നര്‍ സ്റ്റീവ് ഒക്കേഫെയാണ് രണ്ടാം ഇന്നിംഗ്സില്‍ കൊഹ്‌ലിയെയും മുരളി വിജയ്‌യെയും പുറത്താക്കിയത്. രാഹുലിന്റെ വിക്കറ്റ് മറ്റൊരു സ്‌പിന്നറായ ലിയോണ്‍ സ്വന്തമാക്കി. ഇരു ഇന്നിംഗ്സുകളിലും വിരാട് കൊഹ്‌ലി പരാജയപ്പെട്ടതാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്.

സ്കോര്‍- ഓസ്ട്രേലിയ 260&285, ഇന്ത്യ 105 & മൂന്നിന് 50

നാലിന് 143 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഓസ്‌ട്രേലിയ 285 റണ്‍സിന് പുറത്താകുകയായിരുന്നു. സെഞ്ച്വറി നേടിയ നായകന്‍ സ്റ്റീവന്‍ സ്‌മിത്തിന്റെ ഇന്നിംഗ്സാണ് രണ്ടാം ഇന്നിംഗ്സിലും ഓസീസിനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. 31 റണ്‍സ് വീതം നേടിയ മാറ്റ് റെന്‍ഷോയും മിച്ചല്‍ മാര്‍ഷും സ്‌മിത്തിന് നല്‍കിയ പിന്തുണയും ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിക്കാന്‍ കാരണമായി. ഇന്ത്യയ്‌ക്കുവേണ്ടി ആര്‍ അശ്വിന്‍ നാലു വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റ് സ്വന്തമാക്കി.