നരേന്ദ്ര മോദി സര്‍ക്കാര്‍ കായിക സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനായി 100 കോടി രൂപ അനുവദിച്ചിരുന്നു

ദില്ലി: ഏറെക്കാലമായി രാജ്യത്തിന്‍റെ സ്വപ്നമായിരുന്ന പദ്ധതിക്ക് ഓര്‍ഡിനന്‍സിലൂടെ അനുമതി നല്‍കണമെന്ന ആവശ്യവുമായി മെയ് 23 ലെ ക്യാബിനറ്റ് രാഷ്ട്രപതിക്ക് മുന്നിലെത്തി. രാജ്യത്തെ ആദ്യത്തെ കായിക സര്‍വ്വകലാശാല സ്ഥാപിക്കാണമെന്ന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കഴിഞ്ഞ ദിവസം രാഷ്ട്രപതി ഒപ്പിട്ടതോടെ ഉത്തരവായി. കായിക സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാവുന്നതോടെ ഇന്ത്യന്‍ കായിക മേഖലയ്ക്ക് ഒരു കേന്ദ്രീകൃത സംവിധാനം നിലവില്‍ വരും.

മണിപ്പൂരാവും സര്‍വ്വകലാശാല സ്ഥാപിക്കുക. ദേശീയ കായിക സര്‍വ്വകലാശാലയെന്ന പേരില്‍ ആദ്യമായാണ് ഒരു സംവിധാനം രാജ്യത്ത് നിലവില്‍ വരിക. സര്‍വ്വകലാശാലയില്‍ നാല് മേഖലകളിലായി കായിക വിദ്യാഭ്യാസ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. സ്പോര്‍ട്സ് സയന്‍സ്, സ്പോര്‍ട്സ് ടെക്നോളജി, സ്പോര്‍ട്സ് മാനേജ്മെന്‍റ്, സ്പോര്‍ട്സ് കോച്ചിങ് എന്നീ മേഖലകളിലാവും പരിശീലനം. ഇതിന് ഉപരിയായി വിവിധ കായികയിനങ്ങള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുളള പരിശീലന സംവിധാനങ്ങളും സര്‍വ്വകലാശാലയിലുണ്ടാവും.

2014 - 15 കാലഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ കായിക സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനായി 100 കോടി രൂപ അനുവദിച്ചിരുന്നു. സര്‍വ്വകലാശാല സ്ഥാപിക്കാനായി മണിപ്പൂര്‍ സര്‍ക്കാര്‍ 325.90 ഏക്കര്‍ ഭൂമി വിട്ടുനല്‍കിയിരുന്നു. മണിപ്പൂരിലെ ഇംഫാല്‍ ജില്ലയിലെ കൊട്രാക്കിലാണ് സര്‍വ്വകലാശാല സ്ഥാപിക്കുന്നത്.