ടി20യിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവുമധികം സി‌ക്‌സര്‍ നേടുന്ന ടീം എന്ന ലോക റെക്കോര്‍ഡിനൊപ്പം ടീം ഇന്ത്യ എത്തി. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മൽസരത്തിൽ ഇന്ത്യ 21 സിക്‌സറുകളാണ് പറത്തിയത്. ഇക്കാര്യത്തിൽ വെസ്റ്റിന്‍ഡീസ് നേരത്തെ സ്ഥാപിച്ച ലോകറെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യ എത്തിയത്. ഇന്ത്യ നേടിയ 21 സിക്‌സറുകളിൽ പത്തെണ്ണം അടിച്ചത് നായകൻ രോഹിത് ശര്‍മ്മയായിരുന്നു. മറ്റൊരു ഓപ്പണറായ കെ എൽ രാഹുൽ എട്ടു സിക്‌സര്‍ പറത്തിയിരുന്നു. രണ്ട് സിക്‌സര്‍ ധോണിയുടെ വകയും ഒരെണ്ണം ഹര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിൽനിന്നുമാണ് ഗ്യാലറിയിലേക്ക് പറന്നത്. 2016 ഓഗസ്റ്റിൽ അമേരിക്കയിലെ ലോഡര്‍ഹില്ലിൽവെച്ച് ഇന്ത്യയ്ക്കെതിരെയാണ് വെസ്റ്റിന്‍ഡീസ് 21 സിക്‌സര്‍ പറത്തിയത്. അന്ന് വിന്‍ഡീസ് ഇന്ത്യയ്ക്കെതിരെ 20 ഓവറിൽ 245 റണ്‍സെടുത്തിരുന്നു. കഴിഞ്ഞദിവസം ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ 260 റണ്‍സാണ് അടിച്ചെടുത്തത്.