സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് സമ്പൂര്‍ണാധിപത്യം. ചേതേശ്വര്‍ പൂജാരയ്ക്ക് ഇരട്ട സെഞ്ചുറി നഷ്ടമായെങ്കിലും ഋഷഭ് പന്ത് സെഞ്ചുറി നേടി. ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ രണ്ടാമത്തെ ടെസ്റ്റ് സെഞ്ചുറിയാണിത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 510 റണ്‍സെടുത്തിട്ടുണ്ട്. 101 റണ്‍സോടെ ഋഷഭും പന്തും 31 റണ്‍സോടെ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ഇന്ന് പൂജാര (193)യ്ക്ക് പുറമെ ഹനുമ വിഹാരി (42)യുടെയും വിക്കറ്റ്  ഇന്ത്യക്ക് നഷ്ടമായി. ഓസീസിന് വേണ്ടി ലിയോണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

നാലിന് 303 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. എന്നാല്‍ തലേ ദിവസത്തെ സ്‌കോറിനോട് മൂന്ന് റണ്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് വിഹാരിയെ നഷ്ടമായി. നഥാന്‍ ലിയോണിനാണ് വിക്കറ്റ്. എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന പന്ത് - പൂജാര സഖ്യം 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അധികനേരം ഈ കൂട്ടുക്കെട്ട് മുന്നോട്ട് പോയില്ല. ഇരട്ട സെഞ്ചുറിക്ക് തൊട്ടടുത്ത് പൂജാര വീണു. 193 റണ്‍സെടുത്ത പൂജാരയെ സ്വന്തം പന്തില്‍ നഥാന്‍ ലിയോണ്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഓസീസിനെതിരെ മാത്രം മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടാനുള്ള അവസരമാണ് പൂജാരയ്ക്ക് നഷ്ടമായത്. 373 പന്തില്‍ 22 ബൗണ്ടറി ഉള്‍പ്പെടെയാണ് പൂജാര 193 റണ്‍സെടുത്തത്.  

പിന്നീട് ഒത്തുച്ചേര്‍ന്ന് പന്ത്- ജഡേജ സഖ്യം ഇതുവരെ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഏഴ് ഫോര്‍ ഉള്‍പ്പെടുന്നതാണ് പന്തിന്റെ ഇന്നിങ്‌സ്. ജഡേജ ഇതുവരെ ഒരു ഫോറും ഒരു സിക്‌സും നേടി. നേരത്തെ, സിഡ്നിയിലും ടോസിലെ ഭാഗ്യം ഇന്ത്യയെ തുണച്ചപ്പോള്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. കെ എല്‍ രാഹുലാണ് മായങ്കിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഒരിക്കല്‍ കൂടി രാഹുല്‍(9)തുടക്കത്തിലേ മടങ്ങി. 10 റണ്‍സെ അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളു. എന്നാല്‍ വണ്‍ഡൗണായി എത്തിയ പൂജാരക്കൊപ്പം ഇന്ത്യയ്ക്ക് മികച്ച അടിത്തറയിട്ട മായങ്ക് നഥാന്‍ ലിയോണിനെ സിക്സറടിക്കാനുള്ള ശ്രമത്തില്‍ 77 റണ്‍സെടുത്ത് പുറത്തായി.

126/2 എന്ന സ്‌കോറില്‍ പൂജാരയ്ക്ക് കൂട്ടായി വിരാട് കോലി ക്രീസിലെത്തി. മികച്ച തുടക്കമിട്ട കോലിയെ(23) ലെഗ് സ്റ്റംപിന് പുറത്തുപോയൊരു പന്തില്‍ ഹേസല്‍വുഡ്, ടിം പെയ്നിന്റെ കൈകകളിലെത്തിച്ചു. 180 റണ്‍സായിരുന്നു അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍. രഹാനെയും(18) നല്ല തുടക്കമിട്ടെങ്കിലും സ്റ്റാര്‍ക്കിന്റെ അതിവേഗ ബൗണ്‍സറില്‍ വീണു. പിന്നാലെ എത്തിയ ഹനുമാ വിഹാരിയില്‍ പൂജാര മികച്ച പങ്കാളിയെ കണ്ടെത്തിയതോടെ ഇന്ത്യ സുരക്ഷിത തീരത്തേക്ക് നീങ്ങി. ഇരുവരും 101 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ പരമ്പരയിലെ മൂന്നാമത്തെയും ടെസ്റ്റ് കരിയറിലെ പതിനെട്ടാമത്തെയും സെഞ്ചുറിയും പൂജാര സ്വന്തം പേരില്‍ കുറിച്ചു.