പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ചാം ഏകദിനത്തില്‍ വിജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പരമ്പരയില്‍ 3-1ന് മുന്നിലാണ് സന്ദര്‍ശക ടീം. വിജയിച്ചാല്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യ ഏകദിന പരമ്പര എന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ജൊഹന്നസ്ബര്‍ഗില്‍ നടന്ന നാലാം ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്.
എന്നാല്‍ പോര്‍ട്ട് എലിസബത്തിലെ ചരിത്രം ഇന്ത്യയ്ക്ക് അത്ര ശോഭനമല്ല. പോര്‍ട്ട് എലിസബത്തില്‍ കളിച്ച അഞ്ച് ഏകദിനങ്ങളില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ ഇന്ത്യയ്ക്കായില്ല. രണ്ട് മത്സരങ്ങളില്‍ അധികം കളിച്ച വേദികളില്‍ പോര്‍ട്ട് എലിസബത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാനാകാത്തത്. എന്നാല്‍ പരമ്പരയില്‍ റണ്‍ദാഹം തുടരുന്ന നായകന്‍ വിരാട് കോലിയുടെ റെക്കോര്‍ഡ് ഇന്ത്യയ്ക്ക് ചെറിയ ആശ്വാസം നല്‍കുന്നു.
പോര്‍ട്ട് എലിസബത്തില്‍ ഇന്ത്യന്‍ താരത്തിന്‍റെ ഉയര്‍ന്ന സ്കോര്‍ കോലിയുടെ പേരിലാണ്. 2011ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കോലി 92 പന്തില്‍ 87 റണ്‍സെടുത്തിരുന്നു. എന്നാല്‍ കോലി തകര്‍ത്തടിച്ചിട്ടും മഴനിയമം പ്രകാരം ഇന്ത്യ മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു.
