ഛേത്രിയുടെ വകയായിരുന്നു ഇന്ത്യയുടെ ആശ്വാസഗോള്‍.

മുംബൈ: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. ന്യൂസിലന്‍ഡിനോട് 2-1നാണ് ഇന്ത്യ പരാജയപ്പെട്ടത്. ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യ തോല്‍വി സമ്മതിച്ചത്. ഏണസ്റ്റ് ഡി ജോങ്, മോസ് ഡ്യര്‍ എന്നിവര്‍ ന്യൂസിലന്‍ഡിന്റെ ഗോള്‍ നേടി. ഛേത്രിയുടെ വകയായിരുന്നു ഇന്ത്യയുടെ ആശ്വാസഗോള്‍. ഏഴ് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഗുര്‍പ്രീത് സിങ്, അനസ് എടുത്തൊടിക, ഉദാന്ത സിങ്, ജേജേ, ഹാല്‍ഡര്‍ എന്നിവര്‍ക്കെല്ലാം വിശ്രമം അനുവദിച്ചിരുന്നു.

ജയത്തോടെ ഇന്ത്യക്കും ന്യൂസിലന്‍ഡിനും രണ്ട് വീതം ജയമായി. നാളെ ചൈനീസ് തായ്‌പേയിയെ തോല്‍പ്പിച്ചാല്‍ കെനിയക്കും രണ്ട് ജയം സ്വന്തമാക്കാം. പിന്നീട് ഗോള്‍ ശരാശരി പരിശോധിച്ച് ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനല്‍ കളിക്കും. 

കിവീസിനെതിരേ ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 47ാം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യ ലീഡ് നേടി. എന്നാല്‍ രണ്ട് മിനിറ്റുകള്‍ക്കം കിവീസ് തിരിച്ചടിച്ചു. മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റുകള്‍ മാത്രമിരിക്കേ ന്യൂസിലന്‍ഡ് വിജയഗോളും സ്വന്തമാക്കി.