ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ട്വന്റി20 പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടാം മത്സരവും ആതിഥേയര്‍ വിജയിച്ചതോടെയാണ് പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ആവേശം അവസാന പന്ത് വരെ നീണ്ട രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു കിവീസിന്റെ വിജയം.

ഓക്‌ലന്‍ഡ്: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ട്വന്റി20 പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടാം മത്സരവും ആതിഥേയര്‍ വിജയിച്ചതോടെയാണ് പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ആവേശം അവസാന പന്ത് വരെ നീണ്ട രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു കിവീസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. ന്യൂസിലന്‍ഡ് അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

ജമീമ റോഡ്രിഗസ് (53 പന്തില്‍ 72), സ്മൃതി മന്ഥാന (27 പന്തില്‍ 37) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഒരു സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു ജമീമ റോഡ്രിഗസിന്റെ ഇന്നിങ്‌സ്. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല. പ്രിയ പൂനിയ (4), ഹര്‍മന്‍പ്രീത് കൗര്‍ (5), ദീപ്തി ശര്‍മ (6), അരുന്ധതി റെഡ്ഡി (3) എന്നിവരാണ് പുരത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. ദയാലന്‍ ഹേമലത (2) കളിക്കുന്നതിനിടെ പരിക്ക് കാരണം പിന്മാറി. 

മറുപടി ബാറ്റിങ്ങില്‍ 62 റണ്‍സെടുത്ത സൂസി ബേറ്റ്‌സിന്റെ ഇന്നിങ്‌സാണ് കിവികള്‍ക്ക് തുണയായത്. ക്യാപ്റ്റന്‍ എമി സാറ്റര്‍വെയ്റ്റ് (23) നിര്‍ണായക സംഭാവന നല്‍കി. ഇന്ത്യക്ക് വേണ്ടി പൂനം യാദവ്, അരുന്ധതി റെഡ്ഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.