ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ ടീം ഇന്ത്യയുടെ കണ്ടെത്താലാണ് കേദാര്‍ ജാദവ്. മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം ആത്മവിശ്വാസം കൂട്ടിയെന്ന് കേദാര്‍ ജാദവ് പറയുന്നു. മധ്യനിരയില്‍ ഇന്ത്യ കാത്തിരുന്നത് ജാദവിനെ പോലെ ഒരാളെയായിരുന്നു. കൂറ്റന്‍ ഷോട്ടുകളിലൂടെ കളിമാറ്റിമറിക്കുന്ന ഇടത്തിലേക്കാണ് കേദാര്‍ ജാദവിന്റെ വരവ്.

ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ വിരാട് കൊഹ്‌ലിക്കൊപ്പം കേദാര്‍ പുറത്തെടുത്ത ബാറ്റിംഗ് മികവ് ഉടനൊന്നും ആരും മറക്കില്ല. 76 പന്തില്‍ 12 ഫോറും നാല് സിക്‌സും ഉള്‍പ്പടെ 120 റണ്‍സ്. രണ്ടാം കളിയില്‍ 22 റണ്‍സ്. കൊല്‍ക്കത്തയില്‍ ഇന്ത്യയെ ജയത്തിനരികെ എത്തിച്ചാണ് കേദാര്‍ മടങ്ങിയത്. 75 പന്തില്‍ 90 റണ്‍സ്. മൂന്ന് കളിയില്‍ 232 റണ്‍സെടുത്ത കേദാര്‍ ജാദവ് തന്നെയാണ് പരമ്പരയിലെ താരം.

രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്ര താരമായ കേദാര്‍ ജാദവിനെ ശ്രദ്ധേയനാക്കിയത് 2013-14 സീസണിലെ പ്രകടനമാണ്. 1223 റണ്‍സാണ് ആ സീസണില്‍ കേദാര്‍ അടിച്ചുകൂട്ടിയത്. ഐ പി എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടി ബാറ്റിംഗ് മികവ് ആവര്‍ത്തിച്ചപ്പോള്‍ ഇരുപത്തിയൊന്‍പതാം വയസ്സില്‍ കേദാര്‍ ജാദവ് ഇന്ത്യന്‍ ടീമില്‍ എത്തി. മുപ്പത്തിയൊന്നാം വയസില്‍ ടീമിലെ ഒഴിവാക്കാനാവാത്ത താരവുമായി മാറിയിരിക്കുകയാണ് കേദാര്‍ ജാദവ്.