സെഞ്ചൂറിയന്‍: രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ സ്‌പിന്‍ ആക്രമണത്തിന് മുന്നില്‍ തകര്‍ന്നുതരിപ്പണായി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 32.2 ഓവറില്‍ 118ന് പുറത്തായി. സ്‌പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹലിന്‍റെ അഞ്ച് വിക്കറ്റ് നേട്ടവും കുല്‍ദീപ് യാദവിന്‍റെ മൂന്ന് വിക്കറ്റുമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 25 റണ്‍സ് വീതമെടുത്ത ഡുമിനിയും സോന്തോയുമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍മാര്‍.
ടീം സ്കോര്‍ 39ല്‍ നില്‍ക്കേ ഓപ്പണര്‍ ഹഷിം അലംയെ(23) ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കൈകളിലെത്തിച്ചു. 13-ാം ഓവറില്‍ 20 റണ്‍സെടുത്ത ഡി കോക്കിനെ സ്‌പിന്നര്‍ ചഹല്‍ പുറത്താക്കിയതോടെ ഓപ്പണര്‍മാര്‍ മടങ്ങി. തൊട്ടടുത്ത ഓവറില്‍ നായകന്‍ എയ്ഡന്‍ മര്‍ക്രാമിനെയും(8) അക്കൗണ്ട് തുറക്കും മുമ്പ് മില്ലറെയും പുറത്താക്കി കുല്‍ദീപ് ആഞ്ഞടിച്ചപ്പോള്‍ നാല് വിക്കറ്റിന് 51 റണ്‍സ് എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നു.
പിന്നീട് ഇന്നിംഗ്‌സില്‍ ഒരിക്കല്‍ പോലും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചെത്താനായില്ല. അഞ്ചാം വിക്കറ്റില്‍ 48 റണ്‍സ് കൂട്ടിച്ചേര്‍ച്ച ഡുമിനി-സോന്തോ സഖ്യം മാത്രമാണ് അല്‍പമെങ്കിലും പ്രതീക്ഷ കാത്തത്. ടീം സ്കോര്‍ 99ല്‍ നില്‍ക്കേ സോന്തോയും(25), 107ല്‍ നില്‍ക്കേ ഡുമിനിയും(25) ചഹലിന് കീഴടങ്ങിയതോടെ ദക്ഷിണാഫ്രിക്കന്‍ പോരാട്ടം ഏറെക്കുറെ അവസാനിച്ചു.
പിന്നീട് 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ബാക്കിയുള്ള നാല് വിക്കറ്റുകള്‍ കൂടി നഷ്ടമായി. ഒരു റണ്‍സെടുത്ത രബാഡ യാദവിനും മോര്‍ക്കല്‍ ചാഹലിനും മുന്നില്‍ അടിയറവ് പറഞ്ഞു. വാലറ്റത്ത് 14 റണ്‍സെടുത്ത ക്രിസ് മോറിസാണ് പത്താമനായി ചഹലിന് വിക്കറ്റ് നല്‍കി മടങ്ങിയത്. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാറും ജസ്‌പ്രീത് ഭൂംമ്രയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
