തിരുവനന്തപുരം: ഇന്ത്യാ-ന്യൂസിലന്‍ഡ് ടി20 മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മഴയ്ക്ക് നേരിയ ശമനം. മഴ പൂര്‍ണമായും മാറിയിട്ടില്ലെങ്കിലും കോച്ച് രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഗ്രൗണ്ടിലിറങ്ങി. രവി ശാസ്ത്രി, വിരാട് കോലി, ദിനേശ് കാര്‍ത്തിക്ക്, മനീഷ് പാണ്ഡെ എന്നിവരടക്കം ഗ്രൗണ്ടിലിറങ്ങി ഫുട്ബോള്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടു.

മഴ ശമിച്ചെങ്കിലും ഇതുവരെ ടോസ് ചെയ്യാനായിട്ടില്ല. ഇടവിട്ട് നേരിയ ചാറ്റല്‍ മഴ തുടരുന്നത് ഗ്രൗണ്ട് ഉണക്കുന്നതിന് തടസമായി നില്‍ക്കുകയാണ്. മഴ പൂര്‍ണമായും മാറിയാല്‍ മാത്രമെ ടോസ് ചെയ്യാനായി ഇരു ടീം ക്യാപ്റ്റന്‍മാരും ഗ്രൗണ്ടിലിറങ്ങുകയുള്ളു. നിലവിലെ സാഹചര്യത്തില്‍ എട്ടരയ്ക്ക് എങ്കിലും ടോസ് ചെയ്താല്‍ 9 മണിക്ക് മത്സരം തുടങ്ങാനാകും.

അങ്ങനെ വന്നാല്‍ പത്തോവര്‍ വീതമുള്ള മത്സരമായിരിക്കും കളിക്കുക. എന്നാല്‍ വീണ്ടും മഴ എത്തിയാല്‍ കണക്കുക്കൂട്ടല്‍ പിഴയ്ക്കും. മഴ തുടരുന്നുണ്ടെങ്കിലും ആരാധകര്‍ ഇപ്പോഴും ആവേശത്തോടെ ഗ്യാലറിയില്‍ മത്സരത്തിനായി കാത്തിരിപ്പിലാണ്.