കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. 152/1 എന്ന ശക്തമായ നിലയില്‍ മൂന്നാം ദിനം തുടങ്ങിയ കിവീസിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പുറത്താക്കി. 262 റണ്‍സിന് സന്ദര്‍ശകരുടെ ഇന്നിംഗ്‌സ് അവസാനിച്ചു. 56 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഇന്ത്യ നേടി.

അര്‍ധ സെഞ്ചുറികളോടെ ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 75 റണ്‍സിനും ഓപ്പണര്‍ ടോം ലാതം 58 റണ്‍സിന് പുറത്തായ ശേഷം കിവീസ് കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയില്ല. മധ്യനിരയില്‍ ലൂക്ക് റോഞ്ചി (38), മിച്ചല്‍ സാറ്റ്‌നര്‍ (32), ബി.ജെ.വാട്‌ലിംഗ് (21) എന്നിവര്‍ക്ക് തുടക്കം ലഭിച്ചെങ്കിലും ദീര്‍ഘനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.

അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും നാല് വിക്കറ്റ് നേടിയ ആര്‍.അശ്വിനുമാണ് കിവീസിനെ തകര്‍ത്തത്. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ വിക്കറ്റ് രണ്ടാം ദിനം തന്നെ ഉമേഷ് യാദവ് നേടിയിരുന്നു.

56 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടിമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ നാല് റണ്‍സ് നേടിയിട്ടുണ്ട്. മുരളി വിജയ്-കെ.എല്‍.രാഹുല്‍ സഖ്യമാണ് ക്രീസില്‍.