സിംഗപ്പൂർ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യൻ പുരുഷൻമാർക്കു പിന്നാലെ വനിതകളും കിരീടം ചൂടി. വനിതാ വിഭാഗം ഫൈനലിൽ ചൈനയെ 2–1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ പെൺകുട്ടികളും കിരീടത്തിൽ മുത്തമിട്ടത്. അവസാന വിസിൽവരെ ആവേശകരമായ മത്സരത്തിൽ കളിതീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ദീപിക നേടിയ ഗോളിലൂടെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
ഇന്ത്യയാണ് ആദ്യം ഗോൾ നേടിയത്. 13–ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ ദീപ് ഗ്രേസ് ഇക്ക ചൈനീസ് പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. കളിയുടനീളം ആധിപത്യം തുടര്‍ന്നെങ്കിലും 44ാം മിനിട്ടില്‍ ചൈന സമനില പിടിച്ചു.
സോഗ് മെന്‍ഗ്ലിംഗ് ആണ് ചൈനയ്ക്ക് സമനില ഗോൾ സമ്മാനിച്ചത്. എന്നാല്‍ കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ 60–ാം മിനിറ്റില്‍ ദീപിക ഇന്ത്യയുടെ വിജയഗോൾ നേടി. ഇത് നാലാം തവണയാണ് ഇന്ത്യയുടെ വനിതാ ടീം ഏഷ്യൻ ചാമ്പ്യൻമാരാകുന്നത്. കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖര്‍ അഭിനന്ദിച്ചു.
