ബേ ഓവല്‍ ഏകദിനത്തില്‍ 90 റണ്‍സിന് വിജയിച്ചതോടെ ഇന്ത്യക്ക് റെക്കോര്‍ഡ്. ന്യൂസീലന്‍ഡില്‍ ഏകദിനങ്ങളില്‍ ഉയര്‍ന്ന റണ്‍ മാര്‍ജിനില്‍ ഇന്ത്യ നേടുന്ന വിജയമാണിത്. 

ബേ ഓവല്‍: ബേ ഓവല്‍ ഏകദിനത്തിലെ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ റെക്കോര്‍ഡ് ബുക്കില്‍. ന്യൂസീലന്‍ഡില്‍ ഏകദിനങ്ങളില്‍ ഉയര്‍ന്ന റണ്‍ മാര്‍ജിനില്‍ ഇന്ത്യ നേടുന്ന വിജയമാണിത്. ഹാമില്‍ട്ടനില്‍ 2009ല്‍ മഴനിയമപ്രകാരം 84 റണ്‍സിന് വിജയിച്ചതായിരുന്നു ഇതിന് മുമ്പുള്ള റെക്കോര്‍ഡ്. രണ്ടാം ഏകദിനത്തില്‍ 90 റണ്‍സിനാണ് കരുത്തരായ കിവികളെ ഇന്ത്യ തകര്‍ത്തത്. 

തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയും നാല് വിക്കറ്റ് വീഴ്‌ത്തിയ സ്‌പിന്നര്‍ കുല്‍ദീപ് യാദവുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 87 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് കളിയിലെ താരം. ഇന്ത്യയുയര്‍ത്തിയ 325 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ 40.2 ഓവറില്‍ 234 റണ്‍സില്‍ പുറത്തായി. അര്‍ദ്ധ സെഞ്ചുറി നേടിയ ബ്രേസ്‌വെല്ലാണ്(57) കിവികളുടെ ടോപ് സ്‌കോറര്‍. 34 റണ്‍സെടുത്ത ലഥാമാണ് രണ്ടാമന്‍. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് രോഹിതും ധവാനും മികച്ച തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ ഇരുവരും 154 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത്(87), ധവാന്‍(66), കോലി(43), റായുഡു(47), ധോണി(48), ജാദവ്(22) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. അവസാന ഓവറുകളില്‍ ധോണിയും ജാദവും നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്(324-4). ബോള്‍ട്ടും ഫെര്‍ഗുസനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.