കറാച്ചി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ നേരിടാന്‍ ഇന്ത്യക്ക് ഭയമാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഷഹര്യാര്‍ ഖാന്‍. ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി നവാസ് ഷെരീഫ് നല്‍കിയ വിരുന്നിനിടെയാണ് ഷഹര്യാര്‍ ഖാന്റെ പ്രസ്താവന. പാക്കിസ്ഥാനുമായി കളിക്കാന്‍ ഇന്ത്യയെ വെല്ലുവിളിക്കുകയാണെന്നും ഷെഹര്യാര്‍ ഖാന്‍ പറഞ്ഞു.

ഏകദിന,ട്വന്റി-20 ക്യാപ്റ്റനായിരുന്ന സര്‍ഫ്രാസ് അഹമ്മദിന് പാക് ടെസ്റ്റ് ക്യാപ്റ്റനായി ചടങ്ങില്‍ പ്രഖ്യാപിച്ചു. ഒക്ടോബറില്‍ യുഎഇയില്‍ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ സര്‍ഫ്രാസ് പാക്കിസ്ഥാനെ നയിക്കുമെന്നും ഷഹര്യാര്‍ ഖാന്‍ വ്യക്തമാക്കി. ചാമ്പ്യന്‍സ് ട്രോഫി ജയിച്ച ടീം അംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഒരു കോടി പാക്കിസ്ഥാനി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ 180 റണ്‍സിന് കീഴടക്കിയാണ് പാക്കിസ്ഥാന്‍ കിരീടം നേടിയത്. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ ഇന്ത്യ ഉപേക്ഷിച്ചിരുന്നു. ഐസിസി ടൂര്‍ണമെന്റുകളിലും മറ്റ് ടൂര്‍ണമെന്റുകളിലും മാത്രമാണ് ഇരു ടീമുകളും ഇപ്പോള്‍ പരസ്പരം ഏറ്റുമുട്ടുന്നത്.