കൊൽക്കത്ത: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 47 ഓവറിൽ 231 റൺസ് വിജയലക്ഷ്യം. എന്നാൽ ബാറ്റിങ് തുടങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിലേ മൂന്നു വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. ചായയ്ക്ക് പിരിയുന്പോൾ രണ്ടിന് എട്ട് റൺസ് എന്ന നിലയിലായിരുന്നു ശ്രീലങ്ക. ചായയ്ക്ക് ശേഷം കളി തുടർന്നപ്പോൾ ഒരു വിക്കറ്റ് കൂടി അവർക്ക് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ മൂന്നിന് 6 എന്ന നിലയിലാണ് സന്ദർശകർ. റൺസെടുക്കുംമുമ്പ് സമരവിക്രമയെ ഭുവനേശ്വർകുമാർ മടക്കിയപ്പോൾ, ഒരു റൺസെടുത്ത കരുണരത്നയെ മൊഹമ്മദ് ഷമി ക്ലീൻ ബൌൾഡാക്കുകയായിരുന്നു. ഏഴു റൺസെടുത്ത തിരിമണ്ണയെയും ഭുവി പുറത്താക്കുകയായിരുന്നു. ആദ്യ വിക്കറ്റ് നേടിയപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ 50 വിക്കറ്റ് എന്ന നേട്ടത്തിൽ ഭുവനേശ്വർകുമാർ എത്തിയിരുന്നു.

സ്കോർ- ഇന്ത്യ- 172, എട്ടിന് 352 & ശ്രീലങ്ക- 294, മൂന്നിന് 16

നേരത്തെ ഒന്നിന് 171 എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യ എട്ടിന് 352 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. സെഞ്ച്വറി നേടിയ നായകൻ വിരാട് കോലിയുടെയും(പുറത്താകാതെ 104), അർദ്ധസെഞ്ച്വറി നേടിയ ശിഖർ ധവാൻ(94), കെ എൽ രാഹുൽ(79) എന്നിവരുടെയും മികവാണ് ഇന്ത്യൻ സ്കോർ 350 കടത്തിയത്. 119 പന്ത് നേരിട്ട കോലി 12 ബൌണ്ടറികളും രണ്ടു സിക്സറുകളും പായിച്ചു. ടെസ്റ്റിൽ പതിനെട്ടാമത്തെ സെഞ്ച്വറി കണ്ടെത്തിയ കോലി അന്താരാഷ്ട്ര ക്രിക്കറ്റിൽ അമ്പതാമത്തെ സെഞ്ച്വറി എന്ന നേട്ടവും കരസ്ഥമാക്കി. നാലിന് 213 എന്ന നിലയിലായ ഇന്ത്യയെ നായകൻ കോലി ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു. വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് കോലി എത്തിച്ചത്. വ്യക്തിഗത സ്കോർ 98ൽ നിൽക്കെ ലക്മലിനെ സിക്സർ പായിച്ചാണ് കോലി മൂന്നക്കത്തിലെത്തിയത്. ഉടൻ തന്നെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയും ചെയ്തു. ശ്രീലങ്കയ്ക്കുവേണ്ടി സുരംഗ ലക്മൽ, ധസുൻ ശനക എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.