കേപ്‌ടൗണ്‍: ന്യൂലന്‍ഡ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 142 റണ്‍സ് ലീഡ്. ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയുടെ 286 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 209 റണ്‍സിന് പുറത്തായി. 77 റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗാരംഭിച്ച ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുത്തിട്ടുണ്ട്. നാല് റണ്‍സുമായി ഹാഷിം അംലയും രണ്ട് റണ്‍സുമായി കസിഗോ രബാദയുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ എയ്ഡന്‍ മര്‍ക്രാം(34),ഡീന്‍ എള്‍ഗര്‍(25) എന്നിവരെ ഹര്‍ദിക് പാണ്ഡ്യ പുറത്താക്കി.
ലീഡ് ലക്ഷ്യമിട്ട് രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ പ്രോട്ടീസ് ബൗളിംഗിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ അടിയറവു പറയുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനു മുന്നില്‍ ഇന്ത്യയുടെ മുന്‍നിരയും മധ്യനിരയും തകര്‍ന്നപ്പോള്‍ വാലറ്റത്ത് ഭുവനേശ്വര്‍ കുമാറുമൊത്ത് പാണ്ഡ്യ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. അര്‍ദ്ധ സെഞ്ചുറി നേടിയ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ(93)യാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ഫിലാന്‍ഡറും രബാദയും മൂന്ന് വീതവും സ്റ്റെയ്നും മോര്‍ക്കലും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
ചേതേശ്വര്‍ പൂജാര(26), ഭുവനേശ്വര്‍ കുമാര്‍(25), ശിഖര്‍ ധവാന്‍(16) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ മറ്റ് ഉയര്‍ന്ന സ്കോര്‍. ഓപ്പണര്‍മാരായ മുരളി വിജയ് ഒരു റണ്ണുമായും ശിഖര്‍ ധവാന്‍ 16 റണ്‍സെടുത്തും പുറത്തായപ്പോള്‍ അഞ്ച് റണ്‍സ് മാത്രമാണ് കോലിക്ക് എടുക്കാനായത്. ആദ്യ ദിനം മൂന്ന് വിക്കറ്റിന് 27 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യക്ക് രോഹിത് ശര്‍മ്മയുടെ(11) വിക്കറ്റാണ് രണ്ടാം ദിനം ആദ്യം നഷ്ടമായത്. പിന്നാലെ പൂജാര(26), അശ്വിന്‍(12), സാഹ(0) എന്നിവരും അതിവേഗം മടങ്ങിയപ്പോള്‍ ഇന്ത്യ ഒരവസരത്തില്‍ 100ല്‍ താഴെ സ്കോറിന് ഒതുങ്ങുമെന്ന് തോന്നിച്ചു.
എന്നാല്‍ 14 ബൗണ്ടറികളും ഒരു സിക്സും സഹിതം 93 റണ്‍സ് അടിച്ചെടുത്ത പാണ്ഡ്യ പേസ് കുഴിയില്‍ നിന്ന് ഇന്ത്യ കരകയറുകയായിരുന്നു. ഭുവിയും പാണ്ഡ്യയും എട്ടാം വിക്കറ്റില്‍ 99 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും ഭുവിയെ വീഴ്ത്തി മോര്‍ക്കല്‍ ഇന്ത്യന്‍ പ്രതിരോധം തച്ചുടച്ചു. ഒറ്റയാള്‍ പോരാട്ടത്തിനൊടുവില്‍ സെഞ്ചുറി നേടുമെന്ന് തോന്നിച്ച പാണ്ഡ്യയെ രബാദയെ വീഴ്ത്തിയതോടെ വാലറ്റത്തെ പ്രതിരോധം അവസാനിക്കുകയായിരുന്നു. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ 286 റണ്‍സെടുത്ത ദക്ഷിണാഫ്രിക്ക ഡിവില്ലേഴ്സും(65) ഡുപ്ലസിസും(62) അര്‍ദ്ധ സെഞ്ചുറി നേടി. നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് പ്രോട്ടീസിനെ 286ല്‍ തളച്ചത്.
