ധര്‍മ്മശാല: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാണംകെട്ട് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. മികച്ച ഫോമിലല്ലാത്ത ലങ്കക്കെതിരെ 38.2 ഓവറില്‍ ഇന്ത്യ 112 റണ്‍സിന് പുറത്തായി. അര്‍ദ്ധ സെഞ്ചുറി നേടിയ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി(65) മാത്രമാണ് ബാറ്റിംഗ് നിരയില്‍ പൊരുതി നോക്കിയത്. കുല്‍ദീപ് യാദവ് 19 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 10 റണ്‍സുമെടുത്ത് പുറത്തായി. പത്ത് ഓവറില്‍ 13 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സരങ്ക ലക്മലാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. നുവാന്‍ പ്രദീപ് രണ്ടും മാത്യൂസ്, പെരേര, ധനന്‍ഞ്ജയ, പതിരാന എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

രണ്ടാം ഓവറില്‍ അക്കൗണ്ട് തുറക്കും മുമ്പ് ശിഖര്‍ ധവാനെ എയ്ഞ്ചലോ മാത്യൂസ് പറഞ്ഞയച്ചു. പിന്നാലെ രണ്ട് റണ്‍സ് മാത്രമെടുത്ത രോഹിത് ശര്‍മ്മയെ പുറത്താക്കി ലക്മല്‍ തേര്‍വാഴ്ച്ച തുടങ്ങി. അടുത്തതായി 18 പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതെ ദിനേശ് കാര്‍ത്തിക് ലക്മലിന് വിക്കറ്റ് നല്‍കി കൂടാരം കയറി. അരങ്ങേറ്റ മത്സരത്തിനെത്തിയ ശ്രേയസ് അയ്യര്‍ക്ക് ഒന്‍പത് റണ്‍സെടുക്കാനെയായുള്ളൂ. രണ്ട് റണ്‍സെടുത്ത മനീഷ് പാണ്ഡെയായിരുന്നു ലക്മലിന്‍റെ മൂന്നാമത്തെ ഇര. പിന്നീടെത്തിയ ധോണി മികച്ച രീതിയില്‍ കളിച്ചെങ്കിലും സഹതാരങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. 

കൂറ്റനടികള്‍ പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് ഹര്‍ദിക് പാണ്ഡ്യയും(10)ന് പുറത്തായി. പിന്നീട് റണ്ണൊന്നുമെടുക്കാതെ ലക്മലിന് നാലാം വിക്കറ്റ് സമ്മാനിച്ച് ഭുവനേശ്വര്‍ കുമാറും വന്ന വേഗത്തില്‍ മടങ്ങിയപ്പോള്‍ നേരിയ പ്രതീക്ഷ ധോണി- കുല്‍ദീപ് സഖ്യത്തിലായി. കുല്‍ദീപ് യാദവ് പുറത്തായതിന് പിന്നാലെ ജസ്പ്രീത് ഭൂംമ്രയും അക്കൗണ്ട് തുറക്കാതെ കളംവിട്ടു. ഒടുവില്‍ യശ്വേന്ദ്ര ചഹലിനെ കാഴ്ച്ചക്കാരനാക്കി ധോണിയുടെ വക കൂറ്റനടികള്‍. അതിനിടെ അര്‍ദ്ധ സെഞ്ചുറിയും മുന്‍ നായകന്‍ പിന്നിട്ടു. ഒടുവില്‍ തിസാര പെരേരക്ക് വിക്കറ്റ് സമ്മാനിച്ച് ധോണി മടങ്ങിയപ്പോള്‍ ഇന്ത്യ 112ല്‍ ഒതുങ്ങി.