കൊല്‍ക്കത്ത: കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ 123 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. നാലാം ദിനം വെളിച്ചക്കുറവുമൂലം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന നിലയിലാണ്. ഒരു ദിവസവും ഒമ്പത് വിക്കറ്റും ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 49 റണ്‍സിന്റെ ലീഡുണ്ട്. 73 റണ്‍സുമായി കെ എല്‍ രാഹുലും രണ്ട് റണ്ണോടെ ചേതേസ്വര്‍ പൂജാരയും ക്രീസില്‍. 94 റണ്‍സെടുത്ത ശീഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ മത്സരം വിരസമായ സമനിലയില്‍ അവസാനിക്കും. സ്കോര്‍ ഇന്ത്യ 172, 171/1,ശ്രീലങ്ക 294. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ മത്സരം വിരസമായ സമനിലയില്‍ അവസാനിക്കും.

ആദ്യ ഇന്നിംഗ്സിലെ ബാറ്റിംഗ് പരാജയത്തിന് കണക്കുതീര്‍ത്താണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയത്. ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ധവാനും രാഹുലും ഓപ്പണിംഗ് വിക്കറ്റില്‍ 166 റണ്‍സാണ് അടിച്ചെടുത്തത്. അര്‍ഹമായ സെഞ്ചുറിക്കരികെ ഷനകയുടെ പന്തില്‍ ഡിക്‌വെല്ലയ്ക്ക് ക്യാച്ച് നല്‍കി ധവാന്‍ മടങ്ങി.

നേരത്തെ 165/4 എന്ന സ്കോറില്‍ നാലാം ദിനം ക്രീസിലെത്തിയ ലങ്കയെ ദിനേശ് ചണ്ഡിമലും(28), ഡിക്‌വെല്ലയും ചേര്‍ന്ന് 200 കടത്തി. ഇരുവരെയും വീഴ്‌ത്തി ഷാമി ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഹെറാത്ത് പിടിച്ചു നിന്നു. ഷനകയെ(0) ഭുവനേശ്വര്‍ കുമാറും പേരെരയും ഷാമിയും മടക്കിയതോടെ ലങ്കന്‍ ലീഡ് 50 കടക്കില്ലെന്ന് കരുതിയെങ്കിലും ലക്‌മലിനെ(16) കൂട്ടുപിടിച്ച് ഹെറാത്ത്(67) ലങ്കയെ 300ന് അടുത്തെത്തിച്ചു. ഇന്ത്യക്കായി ഷാമിയും ഭുവനേശ്വര്‍കുമാറും നാലു വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ ഉമേഷ് യാദവ് രണ്ട് വിക്കറ്റെടുത്തു.