മൊഹാലി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ പുതുമുഖതാരം വാഷിംഗ്ടണ്‍ സുന്ദര്‍ ആദ്യ ഇലവനില്‍ ഇടം നേടി. ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി ടീം തൊപ്പി വാഷിംഗ്ടണ്‍ സുന്ദറിന് കൈമാറി. ധര്‍മ്മശാല ഏകദിനത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്.
ധര്‍മ്മശാലയില്‍ പരാജയപ്പെട്ട ബാറ്റിംഗ് നിരയ്ക്ക് കരുത്ത് പകരാന്‍ അജിങ്ക്യ രഹാന ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത്ഭുതങ്ങള്‍ സംഭവിച്ചില്ല. മൊഹാലിയിലെ വിക്കറ്റ് പേസര്‍മാരെ തുണച്ചേക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ നടുവൊടിച്ച ലക്മലിനെ തന്ത്രപൂര്‍വ്വം നേരിടുകയാകും ടീം ഇന്ത്യ ലക്ഷ്യമിടുന്നത്.
അതേസമയം ഇന്ന് ജയിച്ചാല്‍ ശ്രീലങ്ക ചരിത്ര നേട്ടത്തോടെ പരമ്പര സ്വന്തമാക്കും. രണ്ട് പതിറ്റാണ്ടിന് ഇടയില്‍ ആദ്യമായി ഇന്ത്യയില്‍ ഏകദിന പരമ്പര ജയിക്കുകയാണ് ശ്രീലങ്ക ലക്ഷ്യമിടുന്നത്.
