മുംബൈ: മലയാളി ഫാസ്റ്റ് ബൗളർ ബേസിൽ തമ്പിയെ ഉൾപ്പെടുത്തി ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിശ്രമം നൽകിയ വിരാട് കോലിക്ക് പകരം രോഹിത് ശർമ്മയാണ് ടീമിനെ നയിക്കുക. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെയും സെലക്ടർമാർ പ്രഖ്യാപിച്ചു.

ടിനു യോഹന്നാനും എസ് ശ്രീശാന്തിനും പിന്നാലെ കേരള ക്രിക്കറ്റിന്‍റെ അഭിമാനമായി ബേസിൽ തമ്പി. ശ്രീലങ്കയ്ക്കെതിരെ മൂന്ന് ട്വന്‍റി20ക്കുള്ള ടീമിലേക്കാണ് വലംകൈയൻ പേസറായ ബേസിലിനെ തിരഞ്ഞെടുത്തത്. 24കാരനായ ബേസിൽ ഇന്ത്യൻ എ ടീം അംഗമാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ജയദേവ് ഉനാദ്കത് എന്നിവരാണ് ടീമിലെ മറ്റ് പേസർമാർ. 

ബേസിലിനൊപ്പം ഓൾറൗണ്ടർമാരായ വാഷിംഗ്ടൺ സുന്ദർ, ദീപക് ഹൂഡ എന്നിവരും ആദ്യമായി ടീമിലെത്തി. കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡേ, ദിനേശ് കാർത്തിക്, എം എസ് ധോണി, ഹർദിക് പാണ്ഡ്യ യുസ്‍വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവരാണ് രോഹിത് ശർമ്മ നയിക്കുന്ന ടീമിലെ മറ്റ് താരങ്ങൾ.ഈ മാസം 20ന് കട്ടക്കിലാണ് ഒന്നാം ട്വന്‍റി. 

ജസ്പ്രീത് ബുംറ, പാർഥിവ് പട്ടേൽ എന്നിവരെ ഉൾപ്പെടുത്തി ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള പതിനേഴംഗ ടെസ്റ്റ് ടീമിനെയും പ്രഖ്യാപിച്ചു. ബുംറ ആദ്യമായാണ് ടെസ്റ്റ് ടീമില്‍ ഇടം കണ്ടെത്തിയത്. വിരാട് കോലി ക്യാപ്റ്റനായി പര്യടനത്തില്‍ തിരികെയെത്തും. ദക്ഷിണാഫ്രിക്കയിൽ മൂന്ന് ടെസ്റ്റാണ് ഇന്ത്യ കളിക്കുക. അജിങ്ക്യ രഹാനയാണ്പരമ്പരയില്‍ ഉപനായകന്‍.