പൂനെ: ടീം ഇന്ത്യ എന്ന യാഗാശ്വത്തെ ഒടുവില്‍ കംഗാരുപ്പട പിടിച്ചുകെട്ടി. പതിവുപോലെ സ്‌പിന്‍ കെണി ഒരുക്കി വിജയിക്കാമെന്ന ഇന്ത്യയുടെ തന്ത്രം തിരിഞ്ഞുകുത്തിയപ്പോള്‍ കൊഹ്‌ലിപ്പടയ്‌ക്ക് നാണംകെട്ട തോല്‍വി. ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ തലകുനിച്ചപ്പോള്‍, പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിന് 333 റണ്‍സിന്റെ ഉജ്ജ്വലജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 441 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ നാലു മല്‍സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലെത്തി. പരാജയമറിയാത്ത 19 മല്‍സരങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ തോല്‍ക്കുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ ടെസ്റ്റ് മല്‍സരം ജയിക്കുന്നതെന്ന സവിശേഷതയുമുണ്ട്.

ആറു വിക്കറ്റെടുത്ത സ്റ്റീവ് ഒക്കേഫെയും നാലു വിക്കറ്റെടുത്ത ലിയോണും ചേര്‍ന്നാണ് ഇന്ത്യയെ കറക്കിവീഴ്‌ത്തിയത്. 31 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ടോപ്‌ സ്‌കോറര്‍. നാലു ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ആദ്യ ഇന്നിംഗ്സില്‍ റണ്‍സെടുക്കാതെ പുറത്തായ ഇന്ത്യന്‍ നായകന്‍ വിരാട്‌ കൊഹ്‌ലിക്ക് രണ്ടാം ഇന്നിംഗ്സില്‍ 13 റണ്‍സ് മാത്രമാണ് നേടാനായത്. ബാറ്റിംഗ് ഏറെ ദുഷ്‌ക്കരമായ പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ അധികം ചെറുത്തുനില്‍പ്പ് കൂടാതെ കീഴടങ്ങുകയായിരുന്നു. ഇരു ഇന്നിംഗ്സുകളില്‍നിന്ന് 12 വിക്കറ്റെടുത്ത സ്റ്റീവ് ഒക്കേഫെയാണ് മാന്‍ ഓഫ് ദ മാച്ച്.

സ്കോര്‍- ഓസ്ട്രേലിയ 260&285, ഇന്ത്യ 105 & 107

നാലിന് 143 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഓസ്‌ട്രേലിയ 285 റണ്‍സിന് പുറത്താകുകയായിരുന്നു. സെഞ്ച്വറി നേടിയ നായകന്‍ സ്റ്റീവന്‍ സ്‌മിത്തിന്റെ ഇന്നിംഗ്സാണ് രണ്ടാം ഇന്നിംഗ്സിലും ഓസീസിനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. 31 റണ്‍സ് വീതം നേടിയ മാറ്റ് റെന്‍ഷോയും മിച്ചല്‍ മാര്‍ഷും സ്‌മിത്തിന് നല്‍കിയ പിന്തുണയും ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിക്കാന്‍ കാരണമായി. ഇന്ത്യയ്‌ക്കുവേണ്ടി ആര്‍ അശ്വിന്‍ നാലു വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റ് സ്വന്തമാക്കി.

പരമ്പരയിലെ രണ്ടാമത്തെ മല്‍സരം മാര്‍ച്ച് നാലു മുതല്‍ മാര്‍ച്ച് എട്ടു വരെ ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും.