ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരക്ക് നാളെ ഗോളില്‍ തുടക്കം. രവി ശാസ്ത്രി കോച്ചായതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. കോച്ച് വിവാദത്തില്‍ പഴി കേട്ട ക്യാപ്റ്റന്‍ വിരാട് കോലിക്കും ഏറെ നിര്‍ണ്ണായകമാണ് ഈ പരമ്പര.

ക്യാപ്റ്റന്‍ വിരാട് കോലിയുമായി കലഹിച്ച് കോച്ച് അനില്‍ കുംബ്ലയുടെ പടിയിറക്കം. പുതിയ കോച്ചിനെ തെരഞ്ഞെടുക്കുന്നതില്‍ വന്ന അനിശ്ചിതത്വങ്ങള്‍. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റില്‍ നിന്ന് അത്ര നല്ല വാര്‍ത്തകളല്ല കഴിഞ്ഞ മാസത്തില്‍ ഉണ്ടായത്. ഇതെല്ലാം മായ്ച്ചു കളയാനാണ് കോലിപ്പട പുതിയ കോച്ച് രവി ശാസ്ത്രിക്ക് കീഴില്‍ ലങ്കയിലേക്ക് വിമാനം കയറിയിരിക്കുന്നത്. വിമര്‍ശകരുടെ വായടപ്പിക്കാന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ശാസ്ത്രിക്കും കോലിക്കും മതിയാവില്ല. എന്നാല്‍ ഗോളില്‍ ആദ്യ ടെസ്റ്റിനിറങ്ങുമ്പോള്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. സ്ഥിരം ഓപ്പണര്‍മാരായ രാഹുലും മുരളി വിജയും കളിക്കാനില്ല. ധവാനും അഭിനവ് മുകുന്ദുമായിരിക്കും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. ചാന്പ്യന്‍സ് ട്രോഫിയിലും വിന്‍ഡീസ് പര്യടനത്തിലും മികച്ച പ്രകടനം പുറത്തെടുത്ത ധവാന്‍ അതാവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം. ഏറെക്കാലത്തിന് ശേഷം രോഹിത്തും ടീമിലിടം പിടിക്കും.

ലങ്കന്‍ പാളയത്തിലും സ്ഥിതി ആശാവഹമല്ല. പനി ബാധിച്ച ക്യാപ്റ്റന്‍ ചാന്ദിമാല്‍ കളിക്കാനിറങ്ങില്ല. രംഗനാ ഹെരാത്തിനാണ് പകരം ചുമതല. സംഗകാരക്കും ജയവര്‍ധനക്കും പകരക്കാരെ കണ്ടെത്താന്‍ ഇതുവരെ ലങ്കക്കായിട്ടില്ല. ആരോടും തോല്‍ക്കുന്ന ടീമായി ലങ്ക മാറിയിട്ടുണ്ട്. കഴിഞ്ഞതവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ആ ചരിത്രം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് കോലിയും സംഘവുമിറങ്ങുക.