പൂനെ: പൂനെയില്‍ ഇന്ത്യ-ഓസ്‍ട്രേലിയ ഒന്നാം ടെസ്റ്റിനായി ഒരുക്കിയ പിച്ചിന് നിലവാരമില്ലെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. മാച്ച് റഫറി ക്രിസ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഐസിസി ബിസിസിഐയോട് വിശദീകരണം തേടി. 14 ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.

മൂന്ന് ദിവസം കൊണ്ട് അവസാനിച്ച മത്സരത്തില്‍ 333 റണ്‍സിനാണ് ഓസീസ് ജയിച്ചത്. രണ്ട് ഇന്നിംഗ്സുകളിലും കൂടി ഇന്ത്യ 212 റണ്‍സ് മാത്രമാണ് നേടിയത്. രണ്ടാം ഇന്നിംഗ്സിലെ ഇന്ത്യയുടെ 10 വിക്കറ്റുകളും സ്വന്തമാക്കി ഓസീസ് സ്പിന്നര്‍മാര്‍ ഇന്ത്യയെ നാണം കെടുത്തിയപ്പോള്‍ ഇന്ത്യയുടെ അശ്വിനും ജഡേജയ്ക്കും ആ മികവ് ആവര്‍ത്തിക്കാനുമായില്ല.

ബിസിസിഐ നിര്‍ദേശപ്രകാരമണ് വരണ്ടതും പുല്ലില്ലാത്തതുമായ പിച്ച് ഒരുക്കിയതെന്ന് ക്യൂറേറ്റര്‍ പരസ്യമായി പ്രതികരിച്ചു. മത്സരത്തിന് മുമ്പ് പിച്ചിനെക്കുറിച്ച് ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് പരാതി പറഞ്ഞിരുന്നു. ആദ്യ ദിവസത്തെ പിച്ച് കാണുമ്പോള്‍ എട്ടാം ദിവസത്തെ പിച്ച് പോലെ തോന്നുന്നുവെന്നായിരുന്നു ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ പരാമര്‍ശം.