ബംഗളൂരു: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മൂന്ന് ദിവസങ്ങള്‍ കൊണ്ട് വാക്കേറ്റത്തിന്‍റെ പേരില്‍ ശ്രദ്ധേയമാകുകയാണ്. അതിനിടെയുണ്ടായ ഇഷാന്ത് ശര്‍മ്മയുടെ മിമിക്രി പ്രകടനവും ഉണ്ടായിരുന്നു. അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി ഒസീസ് ബാറ്റ്‌സ്മാനായ റെന്‍ഷോയോട് കയര്‍ത്തത് വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ അതിനിടെ റെന്‍ഷോയോട് അടുത്ത് ചെന്ന് കോലി പേഴ്‌സണണലായിട്ട് പറഞ്ഞത് എന്താണെന്ന് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു.

അവസാനം റെന്‍ഷോ അത് വെളിപ്പെടുത്തി. പൂനെ ടെസ്റ്റില്‍ ബാറ്റിങ്ങിനിടെ താന്‍ കളി നിര്‍ത്തി ടോയ്‌ലറ്റില്‍ പോയതിനെക്കുറിച്ചാണത്രേ കോലി പറഞ്ഞത്. ഒന്ന് ടോയ്‌ലറ്റില്‍ പോയി വന്ന് കളിച്ചൂടേ എന്നായിരുന്നു കോലിയുടെ ചോദ്യം. അത് തന്നെ പ്രകോപിപ്പിക്കാനാണ് കോലി പറഞ്ഞത് എന്ന് എനിക്ക് വ്യക്തമായി. അതിനാല്‍ അത് തനിക്ക് തമാശ ആയിട്ടാണ് തോന്നിയതെന്നും റെന്‍ഷോ കൂട്ടിച്ചേര്‍ത്തു.