ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യ നേരിടുന്ന സുഖകരമായൊരു പ്രതിസന്ധിയുണ്ട്. ഓരോ പൊസിഷനിലും കളിക്കാന്‍ കഴിയുന്ന താരങ്ങളുടെ ആധിക്യമാണത്. ഓപ്പണര്‍ ശീഖര്‍ ധവാന്‍ ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് ഇല്ലെങ്കിലും ഓപ്പണര്‍ സ്ഥാനത്ത് ഇന്ത്യക്ക് പകരക്കാരായി രണ്ട് പേരുണ്ട്. അജിങ്ക്യാ രഹാനെയും ലോകേഷ് രാഹുലും. ഇരുവരും അന്തിമ ഇലവനില്‍ കളിക്കുമെന്നേ അറിയാനുള്ളു. എന്നാല്‍ രഹാനെയോ രാഹുലോ ഓപ്പണറാകുക എന്നകാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. രോഹിത് ശര്‍മ നല്‍കിയ സൂചനകള്‍ അനുസരിച്ച് രഹാനെ തന്നെയാകും ഓപ്പണിംഗ് സ്ഥാനത്ത് ഇറങ്ങുക.
മൂന്നാം നമ്പറില്‍ വിരാട് കോലിയും നാലാമത് മനീഷ് പാണ്ഡെയും അഞ്ചാമനായി കേദാര്‍ ജാദവും ക്രീസിലെത്തും. കേദാര്‍ ജാദവോ രാഹുലോ ആരെങ്കിലും ഒരാള്‍ മാത്രമെ അന്തിമ ഇലവനില്‍ എത്താന്‍ സാധ്യതയുള്ളു. പാര്‍ട് ടൈം സ്പിന്നറായി കൂടി ജാദവിനെ ഉപയോഗിക്കാമെന്നതും നേട്ടമാണ്. സ്ലോ ബൗളര്‍മാരെ കളിക്കുന്നതില്‍ ഓസീസിനുള്ള ബലഹീനത മുതലാക്കാനുമാവും. ധോണി തന്നെയാകും ആറാമന്‍.

