അഡ്‌ലെയ്‌ഡ് ടെസ്റ്റില്‍ ഇന്ത്യക്ക് ഓപ്പണര്‍മാരെ നിര്‍ദേശിച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. കൗമാര വിസ്‌മയം പൃഥ്വി ഷായെയും പരിചയസമ്പന്നനായ മുരളി വിജയിയെയും ഓപ്പണര്‍മാരാക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍... 

അഡ്‌ലെയ്‌ഡ്‍: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൃഥ്വി ഷായെയും മുരളി വിജയിയെയും ഓപ്പണര്‍മാരാക്കണമെന്ന് ഇതിഹാസ് താരം സുനില്‍ ഗവാസ്‌കര്‍. വിരേന്ദര്‍ സെവാഗിനെ പോലെ ആക്രമിച്ച് കളിക്കുന്ന താരമാണ് ഷാ, മറുവശത്ത് വിജയി കൂടി ചേരുമ്പോള്‍ ഇന്ത്യ താളം കണ്ടെത്തുമെന്ന് ഗവാസ്‌കര്‍ പറഞ്ഞു. 

കെ.എല്‍ രാഹുല്‍ മികച്ച ഫോമിലല്ല. എന്നാല്‍ നാട്ടില്‍ വീന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ന്യൂസീലന്‍ഡില്‍ ഇന്ത്യ എയ്ക്കായും ഷാ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. മുരളി വിജയിയുടെ പരിചയസമ്പത്താണ് ടീമിന് ഗുണം ചെയ്യുക. വിദേശത്ത് നാളേറെയായി ഇന്ത്യക്കായി മികവ് കാട്ടുന്ന താരമാണ് വിജയി. ഇംഗ്ലണ്ടില്‍ പരാജയപ്പെട്ടു എന്നത് സ്വാഭാവികമാണ്. ഏത് താരത്തിനും അത് സംഭവിക്കാം. എന്നാല്‍ വിജയി മികച്ച താരമാണെന്നും ഓപ്പണറാക്കണമെന്നും ഗവാസ്‌കര്‍ പറഞ്ഞു. 

ഫോമിലുള്ള രോഹിത് ശര്‍മ്മയെ മറികടന്ന് ഹനുമാ വിഹാരിക്ക് ആദ്യ ഇലവനില്‍ അവസരം നല്‍കണമെന്നും ഗവാസ്‌കര്‍ വാദിക്കുന്നു. ബാറ്റിംഗും ബൗളിംഗും ചെയ്യുമെന്നത് വിഹാരിയുടെ പ്ലസ് പോയിന്‍റാണെന്നാണ് മുന്‍ താരം പറയുന്നത്. അഡ്‌ലെയ്‌ഡില്‍ ഡിസംബര്‍ ആറിനാണ് നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്.