ഒരു ഓസീസ് ബൗളറുടെ പന്തില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് ഇതോടെ രഹാനെയുടെ പേരിലായത്. ഒരു ഇന്ത്യന്‍ ബാറ്റ്സ്മാനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ഓസീസ് ബൗളറെന്ന റെക്കോര്‍ഡ് ലിയോണും സ്വന്തമാക്കി. 

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓഫ് സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ വേട്ട മൃഗമായി ഇന്ത്യയുടെ അജിങ്ക്യാ രഹാനെ. ബോക്സിംഗ് ഡേ ടെസ്റ്റില്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായതോടെ നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡും രഹാനെയുടെ പേരിലായി. ടെസ്റ്റില്‍ ഒമ്പതാം തവണയാണ് ലിയോണ്‍ രഹാനെയെ വീഴ്ത്തുന്നത്.

ഒരു ഓസീസ് ബൗളറുടെ പന്തില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് ഇതോടെ രഹാനെയുടെ പേരിലായത്. ഒരു ഇന്ത്യന്‍ ബാറ്റ്സ്മാനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ഓസീസ് ബൗളറെന്ന റെക്കോര്‍ഡ് ലിയോണും സ്വന്തമാക്കി.

എട്ടുതവണ ലിയോണിന്റെ പന്തില്‍ പുറത്തായിട്ടുള്ള ചേതേശ്വര്‍ പൂജാര രഹാനെയ്ക്ക് തൊട്ടുപിന്നിലുണ്ട്. ഏഴ് തവണ ലിയോണിന്റെ പന്തില്‍ പുറത്തായ വിരാട് കോലിയാണ് മൂന്നാം സ്ഥാനത്ത്. 2013ല്‍ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഡല്‍ഹി ടെസ്റ്റിലാണ് രഹാനെ ആദ്യം ലിയോണിന്റെ ഇരയായത്. ഈ പരമ്പരയില്‍ മൂന്നു തവണ രഹാനെയെ പുറത്താക്കിയതും ലിയോണായിരുന്നു.

മെല്‍ബണ്‍ ടെസ്റ്റില്‍ 39 ഓവര്‍ എറിഞ്ഞിട്ടും വിക്കറ്റ് ലഭിക്കാതിരുന്ന ലിയോണ്‍ 34 റണ്‍സെടുത്ത രഹാനെയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ചരിത്രനേട്ടത്തിലെത്തിയത്.