സിഡ്നി: സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനം ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിക്കുകയും മത്സരം സമനിലയാവുകയും ചെയ്തതോടെ ഇന്ത്യ ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യമായി പരമ്പര നേടിയതിനൊപ്പം ഓസീസിനെ കാത്തിരുന്നത് നാണംകെട്ട ഒരുപിടി റെക്കോര്‍ഡുകള്‍.

നാലു മത്സര പരമ്പരയില്‍ ഒറ്റ ഓസീസ് ബാറ്റ്സ്മാന്‍ പോലും സെഞ്ചുറി നേടിയില്ലെന്നതാണ് അതില്‍ പ്രധാനം. 1882ന് ശേഷം ഇതാദ്യമായാണ് സ്വന്തം നാട്ടില്‍ നടക്കുന്ന ഒരു ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍മാര്‍ ആരും സെഞ്ചുറി നേടാതിരിക്കുന്നത്. 79 റണ്‍സായിരുന്നു ഈ പരമ്പരയില്‍ ഒരു ഓസീസ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

കഴിഞ്ഞ 61 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ നാലു മത്സരങ്ങളടങ്ങിയ ഒരു ടെസ്റ്റ് പരമ്പരയില്‍ ഒരു ടീമിന്റെ ബാറ്റ്സ്മാന്‍ ഉയര്‍ന്ന സ്കോര്‍ 79 റണ്‍സ് മാത്രമാവുന്നതും ഇതാദ്യമാണ്.

സിഡ്നി ടെസ്റ്റില്‍ ഫോളോ ഓണ്‍ വഴങ്ങിയ ഓസ്ട്രേലിയ 1988നുശേഷം ആദ്യമായാണ് നാട്ടില്‍ നടക്കുന്ന ടെസ്റ്റില്‍ ഫോളോ ഓണ്‍ വഴങ്ങുന്നത്. മെല്‍ബണില്‍ 292 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും ഇന്ത്യ ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിച്ചിരുന്നില്ല. സിഡ്നിയില്‍ 322 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഓസീസ് 1936നുശേഷം ഇതാദ്യമായാണ് നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ ഇത്രയും വലിയ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങുന്നത്.

ഇതിന് പുറമെ മെല്‍ബണിലെ രണ്ട് ഇന്നിംഗ്സുകള്‍ക്കുശേഷം സിഡ്നിയിലും ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതോടെ ഓസീസില്‍ തുടര്‍ച്ചയായി മൂന്നു തവണ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുന്ന ആദ്യ സന്ദര്‍ശക ടീമായി ഇന്ത്യ.