ചെന്നൈ: ചൈന്നൈ ഏകദിനത്തില്‍ മഴയുടെ കളി. ഇന്ത്യന്‍ ഇന്നിംഗ്സ് പൂര്‍ത്തിയായ ഉടനെ മഴ എത്തിയതിനാല്‍ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് നിശ്ചിതസമയത്ത് തുടങ്ങാനായില്ല. കനത്ത മഴയില്ലെങ്കിലും നേരിയ ചാറ്റല്‍ മഴതുടര്‍ന്നതാണ് മത്സരം വൈകിപ്പിച്ചത്. മഴയെത്തുടര്‍ന്ന് ഓസ്ട്രേലിയയുടെ വിജയലക്ഷ്യം വെട്ടിക്കുറച്ചിട്ടുണ്ട്. 37 ഓവറില്‍ 238 റണ്‍സാണ് ഓസീസിന്റെ പുതിയ വിജയലക്ഷ്യം.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സാണ് അടിച്ചത്. അര്‍ധസെഞ്ചുറികള്‍ നേടിയ ധോണിയുടെയും ഹര്‍ദീക് പാണ്ഡ്യയുടെയും ഇന്നിംഗ്സുകളാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ ഉറപ്പാക്കിയത്. പാണ്ഡ്യ 66 പന്തില്‍ 83 റണ്‍സടിച്ചപ്പോള്‍ ധോണി 88 പന്തില്‍ 79 റണ്‍സടിച്ചു. കേദാര്‍ ജാദവ് 40 റണ്‍സെടുത്തപ്പോള്‍ ഭുനേശ്വര്‍ കുമാര്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നും. ഓസീസിനായി കോള്‍ട്ടര്‍നൈല്‍ മൂന്ന് വിക്കറ്റെടുത്തു.