അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച് എംഎസ് ധോണി അര്‍ധസെഞ്ചുറി നേടിയെങ്കിലും ഇക്കാര്യം ധോണി തന്നെ അറിഞ്ഞത് ക്രീസില്‍ കൂടെയുണ്ടായിരുന്ന ദിനേശ് കാര്‍ത്തിക്ക് പറഞ്ഞതിനുശേഷം.

അവസാന ഓവറില്‍ വിജയത്തിലേക്ക് ഏഴ് റണ്‍സായിരുന്നു വേണ്ടിയരുന്നത്. ധോണിയുടെ ഫിഫ്റ്റിക്ക് രണ്ട് റണ്‍സും. അവസാന ഓവറിലെ ആദ്യ പന്ത് തന്നെ ലോംഗ് ഓണിന് മുകളിലൂടെ ധോണി സിക്സറിന് പറത്തിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. പിന്നീട് ജയിക്കാന്‍ വേണ്ടത് അഞ്ചു പന്തില്‍ ഒരു റണ്‍സ്. സിക്സറടിച്ചതിന്റെ ആവേശത്തില്‍ തന്റെ ഫിഫ്റ്റിയുടെ കാര്യം ധോണി മറന്നു. മറുവശത്ത് നില്‍ക്കുകയായിരുന്ന ദിനേശ് കാര്‍ത്തിക് അടുത്തുവന്ന് ധോണിയെ ആശ്ലേഷിച്ചശേഷം കാര്‍ത്തിക് ഫിഫ്റ്റിയുടെ കാര്യം ധോണിയെ ഓര്‍മിപ്പിച്ചു.

ബാറ്റുയര്‍ത്തി ഗ്യാലറിയെ അഭിവാദ്യം ചെയ്യാനും ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് ധോണി ബാറ്റുയര്‍ത്തി ഗ്യാലറിയെ അഭിവാദ്യം ചെയ്തത്. മത്സരത്തില്‍ 54 പന്തില്‍ 55 റണ്‍സുമായി ധോണി പുറത്താകാതെ നിന്നു. ധോണിയുടെ ഇന്നിംഗ്സിനൊപ്പം വിരാട് കോലിയുടെ സെഞ്ചുറിയും ദിനേശ് കാര്‍ത്തിക്കിന്റെ അതിവേഗ ഇന്നിംഗ്സും ചേര്‍ന്നാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.